LogoLoginKerala

'വാലാട്ടി' യുടെ ആദ്യ ട്രയിലര്‍ പുറത്തുവിട്ടു; ജൂലൈ പതിനാലിന് തിയറ്ററുകളിലേക്ക്

 
Valatty

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ ദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ,പതിനൊന്നു നായകളേയും ഒരു പൂവന്‍കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിന്റെ അവതരണം.

മൃഗങ്ങള്‍ മാത്രം അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുന്നു. വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രണ്ടു വര്‍ഷം നീണ്ടു നിന്ന പരിശീലനമാണ് നായകള്‍ക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകന്‍ ദേവന്‍ പറഞ്ഞു. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാനും ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം വിജയ് ബാബുസാര്‍ ഒപ്പം കൂടെ നിന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു. എപ്പോഴും പ്രചോദനമെന്നും അദ്ദേഹം വ്യക്തമാക്കി

എഴുപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം ഒരു വര്‍ഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷന്‍ ഈ ചിത്രത്തിനു വേണ്ടി വന്നു. നായകളും പൂവന്‍ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രധാന വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളുമാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ നര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയില്‍ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ഈ ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്. അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്. മലയാളം' തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂലൈ പതിന്നാലിന് ഈ ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

ഏതു ഭാഷക്കാര്‍ക്കും, ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം തന്നെയായിരിക്കുമിത.് മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം അത് ആരുടെയൊക്കെയാണന്നത് സസ്‌പെന്‍സായി വച്ചിരിക്കുകയാണ്. സിനിമയുടെ ഛായാഗ്രഹണം വിഷ്ണു പണിക്കറാണ് നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് - അയൂബ് ഖാന്‍, കലാസംവിധാനം -അരുണ്‍ വെഞ്ഞാറമൂട്, എക്‌സികുട്ടീവ് പ്രൊഡ്യുസര്‍ - വിനയ് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു.ജി.സുശീലന്‍.