LogoLoginKerala

'ദളപതി 68'ന് ശേഷം വിജയ് രാഷ്ട്രീയത്തില്‍?

 
vijay

ചെന്നൈ- കോളിവുഡില്‍ ഡേറ്റിന് പൊന്നിന്‍വിലയുള്ള സൂപ്പര്‍താരം വിജയ് തന്റെ അടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം ബ്രേക്കെടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത് റിലീസാകുന്ന 'ലിയോ'ക്ക് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന പേരിടാത്ത ചിത്രം പൂര്‍ത്തിയാക്കി വിജയ് രണ്ട് വര്‍ഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് വിജയുടെ ഭാഗത്തു നിന്ന് നിഷേധമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷമായിരിക്കും ഇടവേളയെന്നാണ് പറയപ്പെടുന്നത്. വെങ്കട്ട് പ്രഭുവിന്റെ ചിത്രം 2024 ദീപാവലിക്കാണ് റിലീസാകുന്നത്.

2026ലെ നിയമസഭ തെരഞ്ഞെടുപ്പാണ് വിജയിയുടെ ലക്ഷ്യം. ഇലക്ഷനെ നേരിടുന്നതിന് മുമ്പായി രാഷ്ടീയത്തില്‍ രണ്ടുവര്‍ഷമെങ്കിലും സജീവമായി ഇടപെടാനാണ് വിജയുടെ ഒരുക്കം. അടുത്തിടെ 234 നിയമസഭാ മണ്ഡലങ്ങളിലേയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ വിജയ് മക്കള്‍ ഇയക്കം ആദരിച്ചിരുന്നു. വിജയ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കുകയും 12 മണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് വിജയ് ആദരിക്കല്‍ ചടങ്ങില്‍ സംസാരിച്ചത്. കാശ് വാങ്ങി ആരും വോട്ട് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.