LogoLoginKerala

'നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി'; വീണപൂവ്' പിറന്നിട്ട് നാല്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍

 
veenapoovu movie

പ്രശസ്ത സംവിധായകന്‍ അമ്പിളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് സൂര്യ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സൂര്യപ്രകാശ് നിര്‍മിച്ച വീണപൂവ്. 1983 ജനുവരി 21 നായിരുന്നു ശങ്കര്‍ മോഹന്‍ (എംടിയുടെ 'മഞ്ഞി'ല്‍ അഭിനയിച്ച നടന്‍), ഉമാ ഭരണി, നെടുമുടി എന്നിവര്‍ മുഖ്യമായും അഭിനയിച്ച ചിത്രം റിലീസായത്. സംവിധായകനാവുന്നതിന് മുന്‍പ് പോസ്റ്റര്‍ ഡിസൈനറും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായിരുന്നു അമ്പിളി. ആശാന്റെ 'വീണപൂവി'ലെപ്പോലെ ജീവിതത്തിന്റെ നൈമിഷതകള്‍ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ നോക്കിക്കാണുകയാണ് സിനിമ.

ദരിദ്രകുടുംബത്തില്‍ നിന്നും നമ്പൂതിരി ഇല്ലത്തേയ്ക്ക്, ബുദ്ധിമാന്ദ്യമുള്ള ഒരുവന്റെ ഭാര്യയായി ചെല്ലുന്ന സുമംഗല എന്ന സാധു യുവതിയിലൂടെയാണ് സിനിമ വികസിക്കുന്നത്. ഭര്‍ത്താവിന്റെ അച്ഛന്‍ അവളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതോടെ ഇല്ലത്തിന്റെ പടിയിറങ്ങുന്നു അവള്‍. മദമിളകിയ ആനയുടെ ആക്രമണത്തില്‍ അവള്‍ മരിക്കുന്നതിലൂടെ മദമിളകിയ സമൂഹത്തില്‍ ഒരു നിസ്സഹായ എങ്ങനെ ഇരയാക്കപ്പെടുന്നു എന്നും കാട്ടുന്നു. ശ്രീകുമാരന്‍ തമ്പി എഴുതി വിദ്യാധരന്‍ ഈണം പകര്‍ന്ന നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി എന്ന ഗാനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മുല്ലനേഴി എഴുതിയ 'സ്വപ്നം കൊണ്ട് തുലാഭാരം നേര്‍ന്നപ്പോള്‍' (പാടിയത് ജെന്‍സി) മറ്റൊരു ഹിറ്റ്.