പ്രധാനമന്ത്രിയുമായി 45 മിനിറ്റ് കൂടിക്കാഴ്ച, രോമാഞ്ചം വിട്ടുമാറാതെ ഉണ്ണി മുകുന്ദന്‍

കൊച്ചി- പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സൂപ്പര്‍താരമായി മാറിയത് യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഋഷഭ് ഷെട്ടി, യഷ് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉണ്ണി മുകുന്ദനായിരുന്നു ചടങ്ങില്‍ താരസാന്നിധ്യം കൊണ്ട് നിറഞ്ഞത്. യുവം പരിപാടിയില്‍ വെച്ച് ഉണ്ണി മുകുന്ദനെ രാത്രി താമസിക്കുന്ന താജ് മലബാറിലേക്ക് ക്ഷണിച്ചതോടെ താരത്തിന്റെ ജീവിതത്തില്‍ പുതിയ അധ്യായം തുറന്നു. അവിടന്നങ്ങോട്ട് നടന്നത് ഉണ്ണി മുകുന്ദന് സ്വപ്‌ന തുല്യമായ സംഭവങ്ങളാണ്.
'ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും ത്രസിപ്പിക്കുന്ന പോസ്റ്റ് ആണിത്. നന്ദി സര്‍, അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായതിന്. അതില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്റെ ഗുജറാത്തി) എന്ന വിളി അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. അത് സാധിച്ചിരിക്കുന്നു, അതും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്താ രെഹ്‌ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണന്‍'- ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
45 മിനിറ്റ് നേരം ഉണ്ണി മുകുന്ദന് പ്രധാനമന്ത്രിക്കൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചത് ബി ജെ പി നേതൃത്വം ഉണ്ണി മുകുന്ദനെ എത്ര മാത്രം പ്രതീക്ഷയോടെയാണ് കാണുന്നത് എന്നതിന് തെളിവായി. സുരേഷ് ഗോപിക്ക് പോലും ലഭിക്കാത്ത പ്രാധാന്യമാണ് മോഡി ഉണ്ണി മുകുന്ദന് നല്‍കിയത്. ഗുജറാത്തില്‍ സിനിമ ചെയ്യാന്‍ നരേന്ദ്രമോഡി ഉണ്ണി മുകുന്ദനെ ക്ഷണിക്കുകയുണ്ടായി. ഉണ്ണി മുകുന്ദനിനെ മോഡി എല്‍പ്പിച്ചിരിക്കുന്ന രാഷ്ട്രീയ ഉത്തരവാദിത്തം എന്താണെന്ന കാര്യം രഹസ്യമായി തുടരും. അദ്ദേഹം രാ്ഷ്ട്രീയത്തിലിറങ്ങി ഇലക്ഷനില്‍ മത്സരിക്കുമോ, ബി ജെ പിയുടെ താരപ്രചാരകനായി മാറുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടത് വരും നാളുകളിലാണ്.