ട്രാന്‍സ് ദാമ്പത്യത്തിന് രണ്ടു മാസത്തെ ആയുസ്സ്, പ്രവീണ്‍നാഥും റിയാനയും വേര്‍പിരിഞ്ഞു
പാലക്കാട് - ട്രാന്‍സ് ദമ്പതികളുടെ വിവാഹ ജീവിതം ആയുസ്സില്ലാത്തതാണെന്ന് പ്രവീണ്‍ നാഥും റിഷാന ഐഷുവും വീണ്ടും തെളിയിച്ചു. രണ്ടര മാസം മാത്രം നീണ്ട ദാമ്പത്യത്തിനുശേഷം ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിഞ്ഞു. വിവാഹമോചിതരാകുന്ന കാര്യം പ്രവീണ്‍ നാഥ് ഫെയ്സ്ബുക്കില്‍ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നുവെന്നും എഫ്.ബി കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'ഞാനും എന്റെ ഭാര്യയായിരുന്ന റിഷാന ഐഷുവും തമ്മിലുള്ള ബന്ധം വേണ്ടെന്ന് വെച്ചു. ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരസ്പരം മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികള്‍ ആണ്. അവള്‍ അവളുടെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എന്റെ ജീവിതവും മുമ്പോട്ട് കൊണ്ടുപോകുന്നു. സ്നേഹിച്ചു സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെ'ന്നും പ്രവീണ്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പാലക്കാട്ടു വെച്ചായിരുന്നു പ്രവീണും റിഷാനയും വിവാഹിതരായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും പ്രണയവും ജീവിതവും വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇവര്‍ വിവാഹിതരായത്. പാലക്കാട് നടന്ന വിവാഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ ബോഡി ബില്‍ഡറാണ്. മിസ്റ്റര്‍ കേരളയുമായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . മിസ് മലബാര്‍ പട്ടം സ്വന്തമാക്കിയ റിഷാന 2018-ലെ മിസ് കാലിക്കറ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.