കേരള സ്റ്റോറിക്ക് എ സര്‍ട്ടിഫിക്കറ്റ്, വി എസിന്റെ പരാമര്‍ശത്തിന് കട്ട്
തിരുവനന്തപുരം- വിവാദചിത്രം 'ദ കേരള സ്റ്റോറി'ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഭിമുഖം അടക്കം പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. ഈ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്. നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.
കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.