LogoLoginKerala

മോഹന്‍ലാലിന്റെ കാപട്യങ്ങള്‍ മരിക്കും മുമ്പ് തുറന്നെഴുതുമെന്ന് ശ്രീനിവാസന്‍

പ്രേംനസീറിനോട് മോഹന്‍ലാല്‍ കാണിച്ചത് വഞ്ചന
 
sreeni mohanlal

അച്ഛന്റേത് കമ്യൂണിസ്റ്റ് കുടുംബം, അമ്മയുടേത് കോണ്‍ഗ്രസ് കുടുംബം. താന്‍ കെ എസ് യു, എ ബി വി പി പ്രവര്‍ത്തകനായിരുന്നുവെന്നും ശ്രീനിവാസന്‍

മോഹന്‍ലാലുമായി തനിക്ക് നല്ല ബന്ധമല്ലെന്നും മോഹന്‍ലാലിന്റെ കാപട്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് തുറന്നെഴുതുമെന്നും നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലുമൊത്ത് അടുത്ത വര്‍ഷം ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ശ്രീനിവാസന്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.
മോഹന്‍ലാൽ സ്റ്റേജിൽ വച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചതിനെക്കുറിച്ച്  ചോദിച്ചപ്പോള്‍അതുകൊണ്ടല്ലേ മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്  എന്നായിരുന്നു ശ്രീനിവാസന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലുമായി നല്ല ബന്ധമായിരുന്നല്ല. പ്രേംനസീറിനോട് മോഹന്‍ലാല്‍ കാണിച്ച വഞ്ചനയെക്കുറിച്ച് ശ്രീനിവാസന്‍ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പ്രേംനസീര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് താല്‍പ്പര്യം ഇല്ലായിരുന്നു. ഈ വയസ്സുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് നസീറിനെക്കുറിച്ച് മോഹന്‍ലാല്‍ തന്നോട് പറഞ്ഞതെന്നും ശ്രീനിവാസന്‍ പറയുന്നു.
കടത്തനാടന്‍ അമ്പാടി എന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പ്രേംനസീര്‍ ചെറിയ വേഷത്തിലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ പ്രേം നസീര്‍ ഒറ്റക്കായിരുന്നു. ആ സമയത്ത് ഞായിരുന്നു അദ്ദേഹത്തിന്റെ കൂടെ. അദ്ദേഹത്തി പഴയ കാര്യങ്ങളൊക്കെ അദ്ദേഹം പറയുമായിരുന്നു. അതിനിടെ തനിക്ക് സംവിധാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്ന കാര്യം എന്നോട് പറഞ്ഞു. നിങ്ങളും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇഷ്ടമാണെന്നും തനിക്ക് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. നല്ല കഥ ആലോചിക്കണമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നസീര്‍ സാര്‍ എന്നെവെച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന്. പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു ലാലിന്റെ മറുപടി.
നടരാജന്‍ എന്നു പറഞ്ഞ ആളാണ് ആ പടത്തിനുവേണ്ടി നടക്കുന്നത്. മോഹന്‍ലാലിന്റേയും എന്റേയും അടുത്ത വന്ന് സിനിമയുടെ കാര്യങ്ങള്‍ ചോദിച്ചിരുന്നത് ഇയാളാണ്. നസീര്‍ സാറിന്റെ സിനിമയായതിനാല്‍ മോഹന്‍ലാല്‍ അത് ചെയ്യും എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഒരു ദിവസം നടരാജന്‍ വന്ന് എന്നോട് പറഞ്ഞു, ലാല്‍ എന്നോട് തട്ടിക്കയറിയെന്ന്. ഇതുവരെ കഥയായിട്ടില്ലല്ലോ ഞാന്‍ ഏത് സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയുന്നത് എന്നൊക്കെ ചോദിച്ചാണ് ദേഷ്യപ്പെട്ടത്. അപ്പോള്‍ കുറ്റവാളി ഞാന്‍ ആയി. ഒരു കഥയെക്കുറിച്ച് ഞാന്‍ നടരാജനോട് പറഞ്ഞു. അന്ന് ഞാന്‍ ആലോചിച്ച കഥയാണ് പിന്നീട് സന്ദേശമായത്. അപ്പോള്‍ തന്നെ നടരാജന്‍ മോഹന്‍ലാലിനെ പോയി കണ്ട് കഥ പറഞ്ഞു.
വൈകുന്നേരമായപ്പോള്‍ മോഹന്‍ലാല്‍ എന്നെവിളിച്ച് പറയുകയാണ് എന്ത് ചതിയാടോ താന്‍ ചെയ്തത് എന്ന്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ എന്നൊക്കെ. കഥയാവുമ്പോള്‍ എന്റെ അടുത്ത് പറയണ്ടേന്ന്. ലാലിന്റെ കല്യാണനിശ്ചയത്തിന്റെ ദിവസം നസീര്‍ സാര്‍ ഒരു ചെക്ക് എഴുതി ലാലിന്റെ അടുത്തെത്തി. ഇന്നൊരു പുണ്യ ദിവസമായതിനാല്‍ ഇന്നാവട്ടെ എന്റെ അഡ്വാന്‍സ് വാങ്ങുന്നത് എന്ന് പറഞ്ഞ് ഈ ചെക്ക് പിടിപ്പിച്ച്. പുള്ളിക്ക് വാങ്ങേണ്ടിവന്നു. ഇതൊക്കെ കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പായിരുന്നു നസീര്‍ സാറിന്റെ മരണം. അടുത്ത ദിവസത്തെ പേപ്പര്‍ നോക്കുമ്പോള്‍ നസീനെ പുകഴ്ത്തിക്കൊണ്ടുള്ള ലാലിന്റെ ഒരു കുറിപ്പ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു എന്നാണ് അതില്‍ എഴുതിയിരുന്നത്. ഹിപ്പോക്രസിയുടെ ഹൈറ്റ്. എന്നാല്‍ അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞു.

അച്യുതമേനോന്‍ നല്ല നേതാവ്, വി എസ് തരക്കേടില്ല, മോദിയെക്കുറിച്ച് പറയാറായിട്ടില്ല

'എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തില്‍ കോളജ് പഠനകാലത്ത് ഞാന്‍ ഒരു കെഎസ്യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവര്‍ത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യില്‍ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാന്‍ ആണ്. സുഹൃത്തുക്കള്‍ അത് മുറിച്ച് മാറ്റാന്‍ ഒരുപാട് ശ്രമിച്ചു. ഒടുവില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്'- ശ്രീനിവാസന്‍ പറഞ്ഞു.
'സന്ദേശം സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണ്. സഹോദരന്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് ഞാന്‍ എബിവിപി പ്രവര്‍ത്തകനും.  ആ സിനിമയില്‍ കാണിക്കുന്നതെല്ലാം എന്റെ വീട്ടില്‍ അരങ്ങേറിയതാണ്. ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരയാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കും. 'ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?' ഭരണം കയ്യില്‍ കിട്ടുന്നത് വരെ രാഷ്ട്രീയക്കാര്‍ എല്ലാവര്‍ക്കും ഒരു ഭാഷയാണ്, 'പാവങ്ങളുടെ ഉന്നമനം'. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അവരുടെ തനിനിറം കാണാം. അച്യുതമേനോന്‍ നല്ല നേതാവാണെന്നും അച്യുതാനന്ദന്‍ തരക്കേടില്ലെന്നും നരേന്ദ്രമോദിയെക്കുറിച്ച് പറയാറായട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.