തൊഴില്‍ വിലക്കാന്‍ കഴിയില്ല, ഷെയ്‌നിനും ഭാസിക്കുമൊപ്പമെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി- ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്ക് ഏര്‍പ്പെടുത്തിയ സിനിമാ സംഘടനകളുടെ നടപടിയില്‍ പ്രതിഷേധം പരസ്യമാക്കി നടന്‍ ഷൈന്‍ ടോം ചാക്കോ. ഞങ്ങളൊക്കെ ഷെയ്‌നിനും ഭാസിക്കുമൊപ്പമാണെന്ന് വ്യക്തമാക്കിയ ഷൈന്‍ ടോം ചാക്കോ തൊഴില്‍ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പണം തരാത്ത നിര്‍മാതാക്കളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും വേണ്ടിവന്നാല്‍ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ... തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല. സസ്‌പെന്‍ഷന്‍ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും വയ്ക്കും. ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്,' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
നാട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമാണ് സിനിമയിലുള്ളവരും ഉപയോഗിക്കുന്നതെന്ന് ഷൈന്‍ ടോം പറഞ്ഞു. വിലക്ക് പ്രഖ്യാപിച്ച നിര്‍മാതാവ് ഇടുക്കി ഗോള്‍ഡ് എന്ന സിനിമ നിര്‍മിച്ചയാളാണെന്ന കാര്യം നിങ്ങള്‍ ചോദിക്കാതിരുന്നതെന്നും പത്രപ്രവര്‍ത്തകനോട് ഷൈന്‍ ടോം ചാക്കോ ചോദിച്ചു. നടന്‍ സൗബിന്‍ ഷാഹിറും ഒപ്പമുണ്ടായിരുന്നു.
വിജയകുമാര്‍ പ്രഭാകരന്‍
വിലക്കിനെതിരെ പ്രതികരിച്ച് ഏതാനും സിനിമാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. ശ്രീനാഥ് ഭാസിയെ വിലക്കാനുള്ള കാരണം എന്താണെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സംവിധായകന്‍ വിജയകുമാര്‍ പ്രഭാകരന്‍ പറഞ്ഞു. നേരത്തെ ഉണ്ടായ ഒരു പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. അതിന് ശേഷം ശ്രീനാഥ് ഭാസിയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റായ പെരുമാറ്റം ഉണ്ടായതായി പരാതിയില്ല. എന്നിട്ടും എന്തിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് അദ്ദേഹം ചോദിച്ചു. ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരന്‍മാരെ് കലാകാരന്‍മാരായി കാണാന്‍ കഴിയണം. കലാകാരന്മാരെ വിലക്കുകയല്ല, അവരെ ഈ സമയം സിനിമയ്ക്കായി വേണം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ശ്രീനാഥിനെ എങ്ങനെയാണ് വെറുതെയിരുത്താന്‍ കഴിയുക. കലാകാരന്മാരെ 45, 50 വയസ് വരെ വിലക്കുകയല്ല ചെയ്യേണ്ടത്. 50 വയസ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് ഒരു കാര്യവുമില്ല. അവരെ ഇപ്പോള്‍ ഉപയോഗപ്പെടുത്തുക. ഹോളിവുഡ് നടി ആംബര്‍ ഹേര്‍ഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. എല്ലാവരും വ്യതസ്തരായ മനുഷ്യരാണ്'- വിജയകുമാര്‍ പ്രതികരിച്ചു. വിലക്ക് മൂലം തനിക്ക് ശ്രീനാഥിനെ വെച്ച് ചെയ്യുന്ന സിനിമ നിര്‍ത്തിവേക്കേണ്ടി വന്നിരിക്കുകയാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നും ശ്രീനാഥിനെ വെച്ചു തന്നെ സിനിമ പൂര്‍ത്തിയാക്കുമെന്നും സംവിധായകന്‍ അറിയിച്ചു.
നന്ദുപൊതുവാള്‍
ഷെയ്ന്‍ നിഗമിനെ പിന്തുണച്ച് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ നന്ദുപൊതുവാളും രംഗത്തുവന്നു. ഷെയ്‌നെ കൊണ്ട് യാതൊരു പ്രശ്‌നവും സെറ്റിലില്ലെന്നും എപ്പോള്‍ വിളിച്ചാലും വരുന്നയാളാണെന്നും നന്ദുപൊതുവാള്‍ പറഞ്ഞു. നേരത്തെ ഷെയ്‌നെതിരെ പരാതികള്‍ വന്നിട്ടുണ്ട്. എന്നാല്‍ തന്റെ അനുഭവത്തില്‍ ഷെയ്ന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാക്കുന്ന ആളല്ല. മയക്കുമരുന്നു ഉപയോഗത്തെക്കുറിച്ചും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ പലതും വെറും പബ്ലിസിറ്റിക്കുള്ളതാണെന്നും നന്ദു പൊതുവാള്‍ പറഞ്ഞു.
അതേസമയം ഷൈന്‍ ടോം ചാക്കോക്കെതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണം തള്ളി സംവിധായകനും ഫെഫ്ക നേതാവുമായ ബി ഉണ്ണികൃഷ്ണനും രംഗത്തുവന്നു. 'ഞാന്‍ ഇനി ഒരു സിനിമ സംവിധാനം ചെയ്താല്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ കാസ്റ്റിംഗില്‍ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ,'' ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.