ബിഗ്‌ബോസ് ഉഡായിപ്പ് ഷോ; പുറത്താക്കലിന് പിന്നാലെ പൊട്ടിത്തെറിച്ച് റോബിന്‍ രാധാകൃഷ്ണന്‍
ഗസ്റ്റായിട്ട് വരണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഗതികെട്ടാണ് താന്‍ ബിഗ്‌ബോസില്‍ അതിഥിയായി പോകാന്‍ തയ്യാറായത്. ഭയങ്കര സൈലന്റായിട്ട്, അധികം ആക്ടീവല്ലാത്ത ഒരു ഗസ്റ്റായിരിക്കണം. അതേസമയം സൈലന്റായി ഒരോരുത്തരെയും പ്രവോക്ക് ചെയ്യണം. ഇതിനോടൊപ്പം സാഗറിനെയും അഖില്‍ മാരാരിനെയും ടാര്‍ഗറ്റ് ചെയ്യണമെന്നും ബിഗ് ബോസ് വീട്ടിനകത്തേക്ക് കയറുന്നതിന് മുമ്പ് എന്നോട് പറഞ്ഞു. അതനുസരിച്ചാണ് ബിഗ് ബോസില്‍ പെരുമാറിയത്. പക്ഷെ അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയപ്പോഴാണ് ബിഗ് ബോസിന്റെ അടുത്ത് ചൂണ്ടിക്കാണിച്ചത്. ബിഗ് ബോസിന്റെ അനീതിക്കെതിരെ ചോദ്യം ഉയര്‍ത്തിയപ്പോള്‍ തന്നെ പുറത്താക്കി. അതിന്റെ ഒരു കാര്യങ്ങളും പുറത്തുവന്നിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്ന് ഡോ. റോബിന്‍ പറഞ്ഞു. തനിക്ക് പ്രശസ്തിയുണ്ടാക്കിയത് ബിഗ് ബോസാണെന്നത് ശരിയാണ്. പക്ഷെ അനീതി കണ്ടാല്‍ എത്ര വലിയവനായാലും ചോദ്യം ചെയ്യുമെന്ന് റോബിന്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസിനെ വെല്ലുവിളിച്ച് അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ബിഗ് ബോസ് ഹൗസില്‍ റെനീഷയും മാരാരും ജുനൈസും മറ്റു മത്സരാര്‍ത്ഥികളും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തിനിടെ മാരാര്‍ ജുനൈസിനെ തള്ളി. ഈ വിഷയത്തില്‍ ഇടപ്പെട്ട് ജുനൈസിനെ ഏഷണിക്കയറ്റി വിട്ടത് റോബിനായിരുന്നു. ഫിസിക്കല്‍ അസോള്‍ട്ട് എന്ന് പറഞ്ഞു കംപ്ലെയിന്റ് കൊടുത്ത് അഖിലിനെ പുറത്താക്കാന്‍ ബിഗ്ബോസിനോട് പറയ്, അല്ലെങ്കില്‍ നീ ഇറങ്ങി പോവുമെന്നു പറയ്. അഖില്‍ അങ്ങനെ തള്ളിയത് ശരിയല്ല എന്നാണ് റോബിന്‍ ജുനൈസിന്റെ ചെവിയില്‍ പറഞ്ഞത്.
സംഭവത്തിനു ശേഷം ജുനൈസിനെയും മാരാരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു കാര്യങ്ങള്‍ സംസാരിക്കുകയും ഇരുവരും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് പരസ്പരം കൈകൊടുത്ത് ഇറങ്ങുകയും ചെയ്തു. പ്രതീക്ഷിച്ച പോലെ ബിഗ് ബോസിന്റെ ഭാഗത്തു നിന്നും അച്ചടക്ക നടപടികള്‍ ഇല്ലാത്തത് റോബിനെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ റോബിന്‍ 'ഞാന്‍ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകൂ.' എന്നു വിളിച്ചു പറഞ്ഞ് വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു.
തുടര്‍ന്ന് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് എന്താണ് റോബിന്റെ പ്രശ്‌നം എന്ന് തിരക്കി. ഞാന്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതല്ല, എന്റെ കണ്‍മുന്നില്‍ നടന്ന ഒരു സംഭവം പറയണമെന്ന് തോന്നി. സോറി എന്നായിരുന്നു റോബിന്റെ മറുപടി. ഒരു സോറി പറഞ്ഞാല്‍ റോബിന്‍ ഇതുവരെ ഇതിനകത്തു പറഞ്ഞതെല്ലാം തീരുമോ. നിങ്ങള്‍ ഇത്രനേരം ചെയ്തതിന്റെ ഉദ്ദേശമെന്താണ് എന്ന് ബിഗ് ബോസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ എനിക്ക് സംസാരിക്കണമെന്നില്ല എന്ന നിലപാടാണ് റോബിന്‍ സ്വീകരിച്ചത്.
ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണ് എന്ന വാണിംഗോടെ കണ്‍ഫെഷന്‍ റൂമില്‍ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.