LogoLoginKerala

ഷൂട്ടിംഗ് ലൊക്കേഷനുകള്‍ നിരീക്ഷിക്കാന്‍ എക്‌സൈസും പോലീസും

 
drugg

കൊച്ചി- സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എക്‌സൈസും പോലീസും അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമ്മ ഭാരവാഹികളില്‍ നിന്ന് ശേഖരിക്കും. ലൊക്കേഷനുകളില്‍ രഹസ്യനിരീക്ഷണത്തിനായി എക്‌സൈസ് ഇന്റജിലന്‍സിനെയും പോലീസിന്റെ ഷാഡോ ടീമിനെയും നിയോഗിക്കും. എക്‌സൈസ് കമ്മീഷണര്‍ അനന്തകൃഷ്ണനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ ഐ പി എസുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന നടന്‍മാരുടെ പട്ടിക തങ്ങളുടെ പക്കലില്ലെന്ന് പോലീസും എക്‌സൈസും വ്യക്തമാക്കി. ചില ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. ഇവരിലൂടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മയക്കുമരുന്ന് എത്താനുള്ള സാധ്യതയുണ്ട്. സിനിമാ താരങ്ങളുടെ സംഘടന തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്ന നിലയ്ക്ക് ഇത് ഗൗരവത്തിലെത്ത് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ നടന്‍മാരില്‍ നിന്ന് എക്‌സൈസ് മൊഴിയെടുക്കും.

സിനിമാ സംഘടനകളുടെ ഭാരവാഹികളുടെ പക്കല്‍ പട്ടികയുണ്ടെങ്കില്‍ അത് ഗൗരവത്തോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ കെ സേതുരാമനും അറിയിച്ചു. ലൊക്കേഷനുകളില്‍ നിരീക്ഷണത്തിനായി ഷാഡോ പോലീസിനെ നിയോഗിക്കും. വെളിപ്പെടുത്തല്‍ നടത്തിയ അമ്മ ഭാരവാഹികൡ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും നടപടി തുടങ്ങി. മയക്കുമരുന്നിനെതിരായ പോലീസ് ക്യാംപെയ്‌നായ യോദ്ധാവിന്റെ അംബാസഡറായ ടിനിടോം തന്നെയാണ് മയക്കുമരുന്നുപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത് ഗൗരവത്തിലെടുക്കും. എന്നാല്‍ സിനിമാ മേഖലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പരിശോധനകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം ബാബുരാജ് പറഞ്ഞതു പോലെ മയക്കുമരുന്നുപയോഗിക്കുന്നവരുടെ പട്ടിക അമ്മയുടെ പക്കലില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരസംഘടനയുടെ പക്കല്‍ മയക്കുമരുന്നുപയോഗിക്കുന്ന താരങ്ങളുടെ പട്ടികയുണ്ടെങ്കില്‍ അത് സര്‍ക്കാരിന് നല്‍കിയാല്‍ അന്വേഷിക്കാമെന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട്.  സിനിമാ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോര. പറയുന്നവര്‍ക്ക് അതിനെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ പേരുവിവരങ്ങള്‍ നല്‍കണം. അങ്ങനെ ചെയ്താല്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായി. മയക്കുമരുന്ന് ആരോപണവും നിര്‍മാതാക്കളുടെ വിലക്കും വകവെക്കാതെ ശ്രീനാഥ് ഭാസിയെ നായകനാക്കി പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അണ്‍ലോക്ക്' എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ തൃപ്പൂണിത്തുറയില്‍ ആരംഭിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.  ഫെഫ്കയുടെ വര്‍ക്കിങ് സെക്രട്ടറി കൂടിയായ സോഹന്‍ സംഘടനാ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമാണ്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന 'അണ്‍ലോക്ക്' ല്‍ ശ്രീനാഥ് ഭാസിക്ക് പുറമെ ചെമ്പന്‍ വിനോദ്, മംമ്ത മോഹന്‍ദാസ്, ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും അഭിനയിക്കുന്നു.

ശ്രീനാഥിനെ നായകനാക്കി മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകന്‍ കഴിഞ്ഞ ദിവസം ശ്രീനാഥിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.