LogoLoginKerala

ജൂഡ് ആന്റണിക്ക് ഞെട്ടിക്കുന്ന മറുപടി നല്‍കി പെപ്പെ, അമ്മ വക്കീല്‍ നോട്ടീസയച്ചു

 
peppe
പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. മൂന്നു വര്‍ഷം മുമ്പ് നടന്ന കാര്യം മനസ്സില്‍ വെച്ച് ഒരു വിജയം വന്നപ്പോള്‍ വൈരാഗ്യം തീര്‍ക്കുന്നത് അദ്ദേഹത്തെപോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. സാധാരണ പാമ്പിനും ആനക്കുമൊക്കെയാണ് ഇതുപോലെ പകയുള്ളത്. തിരക്കഥയില്‍ സംശയം ചോദിച്ചപ്പോള്‍ ജൂഡ് ആന്റണി തെറിവിളിച്ചു. അതുകൊണ്ടാണ് പിന്‍മാറിയത്.

കൊച്ചി- അഡ്വാന്‍സ് പ്രതിഫലം വാങ്ങി നിര്‍മാതാവിനെ പറ്റിച്ചുവെന്ന സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണം കളവെന്ന് ആന്റണി വര്‍ഗീസ് പെപ്പേ. തന്നെയും കുടുംബത്തെയും അപമാനിച്ച ജൂഡ് ആന്റണിക്കെതിരെ അമ്മ മാനനഷ്ടക്കേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസ് അയച്ചതായും പെപ്പെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2018 എന്ന ഗംഭീര സനിമക്ക് ലഭിച്ച അസാധാരണ വിജയത്തിന്റെ സന്തോഷം ആസ്വദിക്കുന്നതിന് പകരം ആ വിജയം ദുരുപയോഗിച്ച് പഴയ വൈരാഗ്യം തീര്‍ക്കാന്‍ ഇറങ്ങിയിരിക്കുന്ന സഹോദര തുല്യനായ ജൂഡ് ആന്റണിയുടെ സമീപനത്തില്‍ രോഷമല്ല, നിരാശ മാത്രമാണുള്ളതെന്ന് പെപ്പേ പറയുന്നു.

ആന്റണി ജൂഡ് സഹനിര്‍മാതാവായ ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനാണ് തനിക്ക് അഡ്വാന്‍സ് തന്നത്. തിരക്കഥയില്ലാതെയാണ് വിശ്വാസത്തിന്റെ പുറത്ത് എഗ്രിമെന്റ് ഒപ്പിടുകയായിരുന്നു. എന്നാല്‍ തിരക്കഥ തയ്യാറായപ്പോള്‍ സെക്കന്‍ഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറിയത്. സംഘടന വഴി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാങ്ങിയ പണം തിരിച്ചു നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് സംഘടനകള്‍ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തിനാണ് ഇത് ഉയര്‍ത്തികൊണ്ടുവന്നത്. മൂന്നു വര്‍ഷം മുമ്പ് നടന്ന കാര്യം മനസ്സില്‍ വെച്ച് ഒരു വിജയം വന്നപ്പോള്‍ വൈരാഗ്യം തീര്‍ക്കുന്നത് അദ്ദേഹത്തെപോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. സാധാരണ പാമ്പിനും ആനക്കുമൊക്കെയാണ് ഇതുപോലെ പകയുള്ളതെന്നാണ് കേട്ടിട്ടുള്ളത്.

താന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27നാണ്. തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18നാണ്. അതായത് അവരുടെ പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പെപ്പെ പുറത്തുവിട്ടു. സിനിമയില്‍ നിന്ന് പിന്‍മാറിയത് ജൂഡ് ആന്റണി അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് താരതമ്യേന പുതിയ ആളായ താന്‍ തിരക്കഥയില്‍ സംശയം ചോദിച്ചപ്പോള്‍ ജൂഡ് ആന്റണിയുടെ ഈഗോ മുറിപ്പെട്ടതായിരിക്കാം കാരണം. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികള്‍ കേട്ടിട്ടുമുണ്ട്. സത്യം അവര്‍ക്കെല്ലാം അറിയാം. അവര്‍ തന്നെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് സത്യം അറിയിക്കാന്‍ നിര്‍ദേശിച്ചത്.

ജൂഡിന്റെ ആരോപണം താന്‍ വിട്ടു കളഞ്ഞതാണ്. എന്നാല്‍ തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോള്‍ ബന്ധുക്കള്‍ ചിരിക്കും, നാട്ടുകാര്‍ ചിരിക്കും. സ്വന്തം ചേട്ടന്‍ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ വന്നു, അത് സാരമില്ല. എന്നാല്‍ ഭാര്യയുടെ പേജില്‍ വരെ മോശം മെസേജുകള്‍ വന്നു. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്‌നം വന്നാല്‍ എങ്ങനെ പ്രതികരിക്കും. എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഇതിനൊരു ക്ലാരിഫിക്കേഷന്‍ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ വന്നത്.

ജൂഡ് ആന്തണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടാന്‍ ശ്രമിക്കുന്നു. ഇത് തന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും. ജൂഡിന്റെ വാക്കുകള്‍ വിശ്വസിച്ച് താന്‍ വലിയ പ്രശ്‌നക്കാരനാണെന്നു വിശ്വസിച്ച് തന്നെ അഭിനയിപ്പിക്കാനിരിക്കുന്നവര്‍ പോലും പിന്തിരിയാനിടയുണ്ട്. അതുകൊണ്ടാണ് നടന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നത്.

ആര്‍ഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശ്യം കാര്യമാണ്. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. നമ്മുടെ യോഗ്യത നിര്‍ണയിക്കാന്‍ ഈ ലോകത്ത് ആരുമില്ല, അങ്ങനെ അദ്ദേഹം പറയരുതായിരുന്നു. ഒരു സഹോദരന്‍ അനിയനോട് തെറ്റ് ചെയ്തതുപോലെയാണ് തോന്നുന്നത്. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടന്‍ ഇല്ലെങ്കില്‍ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്- ആന്റണി വര്‍ഗീസ് ചൂണ്ടിക്കാണിക്കുന്നു.