മാറിടം - ബിസിനസ്സും അവസ്ഥയും
'B 32 മുതൽ 44 വരെ' മൂവി റിവ്യൂ
Updated: Apr 12, 2023, 13:22 IST
പ്രതാപ്ജയലക്ഷ്മി
അമേരിക്കയിൽ നല്ല ചിക്കൻ വിങ്‌സും ബീയറും കിട്ടുന്ന ഒരു റെസ്റ്റോറന്റ് ഉണ്ട് ഹൂട്ടേഴ്‌സ് എന്നാണ് പേര്, 1991 ൽ മാത്രം ആരംഭിച്ച ഈ സ്ഥാപനത്തെ bresturant എന്നും വിളിക്കാറുണ്ട് കാരണം അവിടെ ജോലി ചെയ്യണമെങ്കിൽ അവരുടെ ഡ്രെസ്സു ധരിക്കാൻ പാകത്തിലുള്ള മാറിടം വേണം..
ഇതിപ്പോൾ പറയാൻ കാരണം ഇന്നലെ കണ്ട ഒരു സിനിമയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത B32 മുതൽ 44വരെ. വിവിധ സ്ത്രീകൾ മാറിടം കൊണ്ട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയിൽ. ചില കാര്യങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായ വിഷയങ്ങൾ അതൊരു സ്ത്രീ തന്നെ പറഞ്ഞപ്പോൾ കുറച്ചു കൂടി വ്യക്തത വന്നതായി തോന്നി.
Breast ഓപ്പറേഷൻ കഴിഞ്ഞ് വരുന്ന ഭാര്യയോട് സ്നേഹമുണ്ടെങ്കിലും പഴയ അടുപ്പം (intimacy ) ഭർത്താവിൽ നിന്നും കിട്ടാൻ പാടുപെടുന്ന പെണ്ണ് മുതൽ, മാറിടം ഒരു കേന്ദ്ര ബിന്ദുവാക്കി വിവിധ കഥാപാത്രങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു. മോഡൽ ഷൂട്ട് നടത്തുന്ന വേളയിൽ മേക്കപ്പ് ചായ എന്നിവ കൊണ്ട് വരുന്ന ചെറിയ ഷോട്ടുകളിൽ പോലും ഒരു directorial brilliancy കാണുവാൻ കഴിയും. പടത്തിൽ മ്യൂസിക്, ക്യാമറ, എഡിറ്റ് എന്നിവ ഒഴിച്ച് പ്രധാന കാര്യങ്ങളിൽ ഒരുപാട് സ്ത്രീ സാന്നിധ്യമുണ്ട്. രമ്യയും, ഹരീഷ് ഉത്തമനും,ഷെറിൻ ശിഹാബും, അനാർക്കലി മരക്കാരും, കൃഷ്ണ കുറുപ്പും, റൈന രാധാകൃഷ്ണനും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. കഥാപാത്രങ്ങൾ കൃത്യമായി ഒരു ചരടിൽ കോർത്തിടുന്ന സൂത്രത്തിനൊരു കയ്യടി. കൂട്ടത്തിൽ ഷെറിൻ ശിഹാബിന്റെ അഭിനയം ഏറെ മികച്ചതായി തോന്നി.. അനാർക്കലിയും വേറിട്ട് നിന്നു.
.
"പറക്കുവാനൊരു ചിറകു തരൂ, തിരികെ വരാനൊരു കൂടു തരൂ, തല ചായ്ക്കാനൊരു ചുമല് തരൂ " എന്നൊരു ഗാന ശകലമുണ്ട് ഈ സിനിമയിൽ സംവിധായിക തന്നെ എഴുതിയ ഈ വരികളിൽ സിനിമയുടെ എല്ലാം നിറഞ്ഞിരിപ്പുണ്ട്. ശ്രുതി ശരണ്യയും രമ്യ നമ്പീശനും ചേർന്നൊരു ഇന്റർവ്യൂ കണ്ടിരുന്നു, എന്റെ പ്രിയ സുഹൃത്ത് പൊന്നി അശോക് ചെയ്തത്, അതിലൂടെയാണ് ഈ സിനിമയെ കുറിച്ച് കൂടുതൽ അറിയുന്നത്. പ്രിയപ്പെട്ട സാജേട്ടൻ എഴുതിയ ആർട്ടിക്കിളും കണ്ടിരുന്നു.പറഞ്ഞു വന്നത് പ്രൊമോഷൻ പോരാ എന്നാണ്, വെറുപ്പിക്കാതെ കാണാൻ പറ്റിയ ഒരു നല്ല സിനിമയാണിത്.
ഇന്നലെ കൊച്ചി PVR ൽ തീയറ്ററിന്റ പകുതി ആളുകളെ ഉണ്ടായിരുന്നുള്ളൂ, മുക്കാലും സ്ത്രീ പ്രേക്ഷരായിരുന്നു. എന്റെ അഭിപ്രായത്തിൽ 10 വയസ്സിനു മുകളിലുള്ള എല്ലാം ആൺ കുട്ടികളും പെൺ കുട്ടികളും, കുടുംബവും ഈ സിനിമ കാണണമെന്നാണ്. പണ്ട് കെ എസ് എഫ് ഡി സി ആദ്യമായി ഒരു സ്വതന്ത്ര സിനിമ നിർമ്മിച്ചിരുന്നു ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണ എന്നായിരുന്നു പേര്, ഇപ്പോളിത 21 വർഷത്തിന് ശേഷം ഒരു വനിതാ സംവിധായികയ്ക്ക് ഒരു സിനിമ ചെയ്യാൻ കോർപ്പറേഷൻ അനുമതി നൽകിയതിൽ ഏറെ സന്തോഷമുണ്ട്.
സിനിമയുടെ തുടക്കത്തിൽ ഒരു പ്ലസ് ടു ക്കാരാൻ ആ മുലയിൽ പിടിച്ചോട്ടെ എന്ന് ചോദിക്കുന്ന രംഗമുണ്ട്, സിനിമയുടെ അവസാനം മറ്റൊരു ആൺകുട്ടി Gender difference എന്താണ് എന്ന് ചോദിക്കുമ്പോൾ female comes with a boob എന്ന് പറയുന്നതിലൂടെ പുതിയ തലമുറ പോലും മാറിടത്തിനെ കുറിച്ച് വേറിട്ട ചിന്തകൾ പുലർത്തുന്നില്ല എന്ന് സംവിധായിക പറഞ്ഞു വെക്കുന്നുണ്ട്. കൂടുതൽ എഴുതിയാൽ സ്പോയിലർ ആകുമെന്ന ഭയം കൊണ്ട് നിർത്തുന്നു.
വാൽക്കഷണം - 26 രാജ്യങ്ങളിലായി 400ലധികം ഔട്ലെറ്റ് ഉള്ള ഹൂട്ടേഴ്‌സ് റെസ്റ്റോറന്റ് ൽ ഒരിടത്തു മാത്രം ആണുങ്ങൾ ജോലി ചെയ്യുന്നുണ്ട് അതിനെ അവർ വിളിക്കുന്ന പേര് Chesturant എന്നാണ്. കാര്യം പിടികിട്ടിയല്ലോ അല്ലേ...