ജഗന്‍ ഷാജി കൈലാസിന്റെ ആദ്യ സിനിമ ആരംഭിച്ചു; നായകന്‍ സിജു വില്‍സന്‍
പാലക്കാട്-മലയാളസിനിമയ്ക്ക് ഒട്ടനവധി മെഗാമാസ്സ് കമേര്‍ഷ്യല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. യുവതാരം സിജു വില്‍സനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകന്‍. ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വില്‍സന്‍ അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി രണ്‍ജി പണിക്കരും ശക്തമായ സാന്നിധ്യമാവുന്നു. ഉദ്വേഗഭരിതമായി സഞ്ചരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എസ് സഞ്ജീവ് രചിച്ചിരിക്കുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള ഈ സിനിമ നിര്‍മ്മിക്കുന്നത് എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. മറ്റൊരു ഹൈലൈറ്റ് ഗോപി സുന്ദറിന്റെ സംഗീതമാണ്. പ്രൊജക്റ്റ് ഡിസൈനര്‍ - അന്‍സില്‍ ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിന്‍, കോസ്റ്റും ഡിസൈന്‍ - വീണ സ്യമന്തക്, ഐ, സ്റ്റില്‍സ് - വിഘ്നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ - സാബിത്, പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി. ആര്‍ - അങ്കിത അര്‍ജുന്‍.
ജഗന്‍ ഷാജി കൈലാസ് തന്റെ ആദ്യ സിനിമയ്ക്ക് തുടക്കം കുറിക്കും മുമ്പ് തന്നെ രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുണ്ട്. അച്ഛനോടൊപ്പം കാവല്‍, കടുവ എന്നീ സിനിമകളില്‍ ജഗന്‍ പിന്നണിയിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവനടി അഹാനാ കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി 'കരി' എന്ന മ്യൂസിക്കല്‍ ആല്‍ബം ജഗന്‍ ഒരുക്കിയതും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.