കൊല്ലാതെ കൊന്നവരോട് ടി. എസ്. രാജു പറയുന്നു, ദ ഷോ മസ്റ്റ് ഗോ ഓണ്‍

തിരുവനന്തപുരം- സ്വന്തം മരണ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വായിച്ചറിയുകയും ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തരായി വിളിക്കുകയും ചെയ്തതിന്റെ ഷോക്കിലാണ് നടന്‍ ടി എസ് രാജു. താന്‍ മരിച്ചു എന്ന് വാര്‍ത്ത നല്‍കിയവര്‍ക്കുള്ള മറുപടി ഒരു സിനിമാ ഡയലോഗില്‍ ഒതുക്കുകയാണ് ടി എസ് രാജു 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'. ആരോഗ്യവാനായ താന്‍ ഇനിയുമൊരുപാട് കാലം ജീവിക്കുമെന്ന ശുഭപ്രതീക്ഷ പകരുന്ന വാക്കുകള്‍.
രാവിലെ ബാംഗ്ലൂരില്‍ നിന്ന് ഒരു ബന്ധു വിളിച്ചപ്പോഴാണ് താന്‍ മരിച്ച വാര്‍ത്ത ടി എസ് രാജു അറിയുന്നത്. ചോദിച്ചപ്പോല്‍ കണ്‍ഫ്യൂഷനായി. മരിച്ചു കഴിഞ്ഞാല്‍ എന്താണ് അവസ്ഥയെന്ന് അറിയില്ലല്ലോ. ഇനി ശരിക്കും മരിച്ചതാണോ എന്നറിയാന്‍ ശരീരത്തില്‍ പിച്ചിയപ്പോള്‍ വേദനയുണ്ട്. താന്‍ ജീവനോടെയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ ബന്ധുവിന് ആശ്വാസം. പിന്നെ തെരുതെരെ ഫോണ്‍വിളികളായിരുന്നു. ഫോണെടുത്തത് ബന്ധുവാണെന്ന് കരുതി ചിലര്‍ അനുശോചനം അറിയിച്ചു. ചിലര്‍ അന്ത്യാഞ്്ജലിയര്‍പ്പിക്കാന്‍ നേരിട്ട് വീട്ടിലെത്തി. തന്റെ രണ്ട് ഫോണുകള്‍ക്കും യാതൊരു വിശ്രമവും ലഭിച്ചിട്ടില്ലെന്ന് രാജു പറയുന്നു. എല്ലാ ഫോണുകളും എടുത്ത് ഞാന്‍ മരിച്ചിട്ടില്ലെന്ന് മറുപടി നല്‍കി. ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ഭക്ഷണം വരെ കഴിച്ചത്. പുറത്തേക്കിറങ്ങാന്‍ നിവൃത്തിയുണ്ടായില്ല. അയല്‍വാസികളൊക്കെ ഞാന്‍ മരിച്ചുകിടക്കുകയാണോ എന്നറിയാനായി വീട്ടിലെത്തി. പണ്ടും ഞാന്‍ മരിച്ചെന്ന് പറഞ്ഞ് ആളുകള്‍ റീത്തൊക്കെ വാങ്ങി വന്നിട്ടുണ്ട്. അനുശോചിക്കുന്നവരോട് പരിഭവമില്ല. നന്ദി മാത്രമേയുള്ളൂ. എന്തായാലും എന്നെ എല്ലാവരും ഓര്‍മിച്ചല്ലോയെന്നും രാജു പറയുന്നു.
തനിക്ക് എണ്‍പതിന് അടുത്ത് വയസുണ്ടെങ്കിലും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് രാജു പറയുന്നു. ജീവിത ശൈലി രോഗങ്ങള്‍ ഇല്ല. പനി പോലും വന്നിട്ട് കുറേയേറെക്കാലമായി. ഉടനെ ഒന്നും ഞാന്‍ അങ്ങനെ മരിക്കുകയൊന്നുമില്ല. പത്ത് നാല്‍പത് വര്‍ഷം കൂടെ ഞാനിരിക്കും. എന്റെ കൊച്ചുമക്കളുടെ കല്യാണം വരെ കണ്ടിട്ടേ ഞാന്‍ പോകൂ. പുഞ്ചിരിയോടെ രാജുവിന്റെ മറുപടി.