LogoLoginKerala

പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷം; വിന്‍സി അലോഷ്യസ്

 
Vincy Aloshious

രേഖയിലെ അഭിനയത്തിന് എന്തെങ്കിലും രീതിയിലുള്ള പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നടി വിന്‍സി സേവ്യര്‍. ഒരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും എവിടെയെങ്കിലും ഒരു സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരമെങ്കിലും ആഗ്രഹിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം തന്നെ നേടിയതില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറയുന്നു. അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിന്‍സി.

ചെറുപ്പം മുതല്‍ തന്നെ അഭിനയക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ശ്രമിച്ചു, ചെറിയ ചെറിയ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഇപ്പോള്‍ അത് രേഖ വരെയെത്തി. അഭിനയത്തിന് ഏതെങ്കിലും തരത്തില്‍ ലഭിക്കുന്ന ആദ്യ പുരസ്താരമാണ് ഇത്. അത് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമായതിനാല്‍ തന്നെ അതിയായ സന്തോഷമുണ്ട്.

സത്യം പറഞ്ഞാല്‍ രേഖയിലെ കഥാപാത്രം വേറൊരു നടിക്ക് വേണ്ടി വെച്ചതായിരുന്നു. അവിചാരിതമായിട്ടാണ് ആ വേഷം എന്റ കയ്യിലേക്ക് എത്തുന്നത്. കണ്‍മുന്നില്‍ സിനിമ മാത്രമാണ് ഉള്ളത്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പടം ചെയ്ത് കഴിഞ്ഞു. അതിന് ശേഷം ഇനി പടങ്ങള്‍ ഒന്നും കയ്യിലില്ല. ഇനി പടങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം. അഭിനയത്തിന്റെ ഒരു വകയും അറിയാത്ത സമയത്താണ് അബു വളയംകുളം എന്ന് പറയുന്ന ഒരാള്‍ എന്നെ മോണോ ആക്ടിന് വേണ്ടി സെലക്ട് ചെയ്യുന്നത്.

അതിലൂടെ പുള്ളി തന്ന ഒരു ഊര്‍ജ്ജമാണ് അഭിനയ ജീവിതത്തില്‍ കരുത്തായത്. പുള്ളിയും ഇപ്പോള്‍ സിനിമ മേഖലയില്‍ തന്നെയാണ്. സുഡാനി ഫ്രം നൈജീരിയ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ജൂറിയിലുണ്ടായിരുന്നവര്‍ക്കും ഈ സിനിമയിലേക്ക് എനിക്ക് അവസരം തന്നവര്‍ക്കും മറ്റെല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വിന്‍സി പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിന്‍സി അലോഷ്യസ്. ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകളിലൂടെയാണ് വിന്‍സി പ്രേക്ഷകശ്രദ്ധ നേടുന്നത്. കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ നിരവധി ചിത്രങ്ങളിലും പിന്നീട് പ്രേക്ഷപ്രശംസ ഏറ്റുവാങ്ങി.