സൗന്ദര്യമത്സരത്തില്‍ ഭാര്യക്ക് രണ്ടാംസ്ഥാനം, വേദിയില്‍ കിരീടം എറിഞ്ഞുടച്ച് ഭര്‍ത്താവ്
സൗന്ദര്യമത്സരത്തില്‍ ഭാര്യ രണ്ടാം സ്ഥാനത്തായതിനെ തുടര്‍ന്ന് രോഷാകുലനായ ഭര്‍ത്താവ് വേദിയില്‍ കയറി കിരീടം എറിഞ്ഞുടച്ചു. ബ്രസീലില്‍ നടന്ന ട്രാന്‍സ് ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്ന സമയത്താണ് രണ്ടാം സ്ഥാനത്തായ മത്സരാര്‍ഥിയുടെ ഭര്‍ത്താവ് അതിക്രമം നടത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരവിജയെയും റണ്ണറപ്പിനെയും തീരുമാനിക്കുന്നതിനായി കൈകള്‍ പരസ്പരം ചേര്‍ത്തുപിടിച്ച് മുഖാമുഖം നല്‍ക്കുന്ന രണ്ട് മത്സരാര്‍ത്ഥികളെയാണ് വിഡിയോയില്‍ കാണുന്നത്. ഇവര്‍ക്ക് നടുവിലായി ലഭിക്കാന്‍ പോകുന്ന കിരീടവുമായി ഒരു വനിത നില്‍ക്കുന്നുണ്ട്. കിരീടം ആര്‍ക്കാണെന്ന സസ്‌പെന്‍സിനൊടുവില്‍ വിജയിയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
രണ്ടാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥിയുടെ ഭര്‍ത്താവ് ഫലം കേട്ടയുടന്‍ സ്റ്റേജിലെത്തി കിരീടം പിടിച്ചു വാങ്ങി വലിച്ചെറിയുകയായിരുന്നു. താഴെ വീണ കിരീടം എടുത്ത് വീണ്ടും എറിഞ്ഞു. സ്റ്റേജില്‍ നിന്ന് തന്റെ ഭാര്യയെ വലിച്ചോണ്ടുപോകാന്‍ ഇയാള്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്‍മാര്‍ ഇടപെട്ട് ഇയാളെ ഒരു മൂലയിലേക്ക് കൊണ്ടു പോയി കൈകാര്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വേദിയിലുണ്ടായിരുന്നവരും മത്സരാര്‍ത്ഥികളുമെല്ലാം ഈ സംഭവങ്ങള്‍ കണ്ട് സ്തബ്ധരായി നില്‍ക്കുന്നതും കാണാം.