ദി കേരള സ്‌റ്റോറിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

'ദ കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.നഗരേഷും സോഫി തോമസും അടങ്ങുന്ന ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെന്നും സിനിമ ജനം വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.
ശരിയായി വിശകലനം നടത്തിയ ശേഷമാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. 32,000 സ്ത്രീകളെ മതം മാറ്റിയെന്ന് സിനിമയില്‍ പറയുന്നില്ല. ഒരു മതത്തെയും നിന്ദിക്കുന്ന വാക്കോ ദൃശ്യമോ സിനിമയില്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചു.
സിനിമ സാങ്കല്‍പിക കഥയാണെന്നും യഥാര്‍ത്ഥ സംഭവത്തെ നാടകീയവല്‍ക്കരിച്ചതാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ വിവാദത്തിനിടയാക്കിയ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്യുമെന്നും നിര്‍മ്മതാതാവ് വ്യക്തമാക്കി.
കേസില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. പ്രദര്‍ശനം തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയും വ്യാഴാഴ്ച തള്ളിയിരുന്നു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനിടയാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ചിത്രം ജനങ്ങളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നുവെന്നും ഐ പി സി 153 എ ഉള്‍പ്പടെ വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട ഉള്ളടക്കമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.