മയക്കുമരുന്ന്; സിനിമാ താരങ്ങൾക്ക് പിന്നാലെ പോലീസ്, ഇന്നല്ലെങ്കില്‍ നാളെ പിടിക്കുമെന്ന് കമ്മീഷണര്‍
Tue, 16 May 2023

കൊച്ചി- ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ക്ക് പിന്നാലെ പോലീസ്. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇന്നല്ലെങ്കില്‍ നാളെ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ലഹരി മരുന്നുപരയോഗിക്കുന്ന താരങ്ങളെയെല്ലാം പൊലീസിന് അറിയാം. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നത്. എങ്കിലും പിടികൂടാന്‍ പരിമിതിയുണ്ട്. ഇവര്‍ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി.
മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു