LogoLoginKerala

ഫാഷന്‍ വീക്കില്‍ ചരിത്രമായി വീല്‍ചെയര്‍ ഷോ; റാംപിലെത്തിയത് എട്ട് മോഡലുകള്‍

ഫാഷന്‍ വീക്ക് ഞായറാഴ്ച സമാപിക്കും
 
DISABLED FASHION SHOW
ജീവിതത്തെ പൊരുതി ജയിച്ചവര്‍ക്ക് സ്വപ്‌ന റാംപൊരുക്കി ലുലു ഫാഷന്‍ വീക്ക്


കൊച്ചി- ജീവിതത്തില്‍ കൈമുതലായുള്ള ഉറച്ച ആത്മവിശ്വാസത്തോടെയും, നിഷ്‌കളങ്കമായ പുഞ്ചിരിയോടെയും ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ അവര്‍ എട്ട് പേരും അണിനിരന്നു. ഉറ്റ സുഹൃത്തായി എപ്പോഴും കൂട്ടായുള്ള വീല്‍ചെയറുകളില്‍ നീങ്ങുന്നതിനിടെ ഓരോരുത്തരും സദസ്സിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ഫാഷന്‍ വീക്ക് റാംപുകള്‍ ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ചരിത്ര നിമിഷങ്ങളിലൂടെയാണ് ലുലു ഫാഷന്‍ വീക്കിന്റെ രണ്ടാം ദിനം കടന്ന് പോയത്.  

DISABLED FASHION SHOW

ലുലു മാളില്‍ നടക്കുന്ന ലുലു ഫാഷന്‍ വീക്കില്‍ സമ്മര്‍ കളക്ഷന്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ചാണ് എട്ട് മോഡലുകള്‍ റാംപില്‍ വീല്‍ചെയറിലെത്തിയത്. ഫാഷന്‍ വീക്ക് വീക്ഷിയ്ക്കാന്‍ അണിനിരന്നിരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടികളോടെ ഇവരെ എതിരേറ്റതോടെ ലുലു ഫാഷന്‍ വീക്കിന്റെ ആറാം പതിപ്പിലെ ചരിത്രമുഹൂര്‍ത്തം കൂടിയായി അത് മാറി. വീല്‍ചെയറിലെത്തിയ മോഡലുകള്‍ക്കൊപ്പം പ്രശസ്ത മോഡലും നടിയുമായ നേഹ സക്‌സേനയും റാംപില്‍ ചുവടുവെച്ചു. എല്ലാവര്‍ക്കും നേഹ സക്‌സേന റോസാപൂ നല്‍കി അഭിനന്ദിച്ചു. വീല്‍ചെയര്‍ ഷോ എന്ന ആശയത്തെ പ്രശംസിച്ച നടി, മനസ്സില്‍ ആഗ്രമുണ്ടെങ്കില്‍ ശരീരം അതിനൊരു തടസ്സമല്ല എന്നതിന് മാതൃകയാണിതെന്ന് കൂട്ടിച്ചേര്‍ത്തു.

DISABLED FASHION SHOW

ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളിലേയ്ക്ക് വാതില്‍ തുറന്ന ലുലു ഫാഷന്‍ വീക്കിന്റെ ആറാം പതിപ്പ് ഏപ്രില്‍ 30നാണ് അവസാനിയ്ക്കുന്നത്. ഫ്‌ലൈയിംഗ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കില്‍ 58 പ്രമുഖ ബ്രാന്‍ഡുകളുടെ സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമാപന ദിവസമായ ഞായറാഴ്ച ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ വ്യവസായം അടക്കമുള്ള മേഖലകളിലെ അസാധാരണമായ സംഭാവനകള്‍ മുന്‍നിര്‍ത്തി സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരങ്ങളും, ഫാഷന്‍ ടൈറ്റിലുകളും, ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്സ്‌ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും സമ്മാനിയ്ക്കും.

DISABLED FASHION SHOW