LogoLoginKerala

കീരവാണിക്ക് ഓസ്‌കാര്‍ നേടിക്കൊടുത്തത് ചന്ദ്രബോസ്, ട്രോളന്‍മാരെ വിസ്മയിപ്പിച്ച് വീണ്ടും ചിന്താ ജെറോം

 
chinta jerome troll

ആര്‍ ആര്‍ ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിന് എം എം കീരവാണിക്ക് ഒറിജിനല്‍ സ്‌കോറിനുള്ള ഓസ്‌കാര്‍ ലഭിച്ചപ്പോള്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോ അഭിനന്ദിച്ചത് അതേവേദിയില്‍ ഗാനരചനക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ചന്ദ്രബോസിനെയാണ്. തെലുങ്കു സാഹിത്യത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തതിനാണ് ചന്ദ്രബോസിനെ ചിന്ത അഭിനന്ദിച്ചത്. എന്നാല്‍ വസ്തുതാപരമായ പിശകും ഭാഷാ പ്രയോഗത്തിലുള്ള പിഴവും ചേര്‍ന്നപ്പോള്‍ ചിന്തയുടെ പോസ്റ്റിന് താഴെ പൊങ്കാലയുമായി ട്രോളന്‍മാര്‍ എത്തി. അതോടെ ചിന്ത പോസ്റ്റ് പിന്‍ലവലിച്ചു. എന്നിട്ടും ചിന്തയുടെ ഫേസ്ബുക്ക് പേജ് ട്രോളുകളില്‍ നനയുകയാണ്.
ക്രിസ്ത്യന്‍ മാട്രിമോണിയലിലെ വിവാഹ പരസ്യം, ജിമിക്കി കമ്മല്‍ പ്രസ്താവന, ചെഗുവേര ജനിച്ചത് ക്യൂബയില്‍, യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം, ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തിലെ വൈലോപ്പിള്ളിയുടെ വാഴക്കുല പരാമര്‍ശം, ആഡംബര ഹോട്ടല്‍ വാസം എന്നീ ട്രോള്‍ വിഭവങ്ങള്‍ക്ക് ശേഷം ചിന്ത അവതരിപ്പിച്ചതാണ് ഈ ഓസ്‌കാര്‍ അഭിനന്ദന പോസ്റ്റ്. 'ആര്‍ ആര്‍ ആര്‍ സിനിമക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുക്കുകയും സംഗീതം ചെയ്ത എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്ത പാട്ടെഴുത്തുകാരന്‍ ചന്ദ്രബോസ് തെലുങ്കു സിനിമാ സാഹിത്യ മേഖലക്ക് അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്' എന്നാണ് ചിന്തയുടെ ഇംഗ്ലീഷ് പോസ്റ്റിന്റെ ഏകദേശ പരിഭാഷ. ചന്ദ്രബോസിന്റെ നേട്ടം ആരും ആഘോഷിക്കാതിരുന്നപ്പോഴാണ് ചിന്ത എഴുത്തുകാരനെ അഭിനന്ദിച്ച് വ്യത്യസ്തമായ പോസ്റ്റിട്ടത്. എന്നാല്‍ വികലമായ ഭാഷയിലൂടെ ചിന്ത ഇത്തവണയും പണി പറ്റിച്ചു.
സോഷ്യല്‍ മീഡിയയില്‍ ചിന്തയെ സപ്പോര്‍ട്ട് ചെയ്യാനെത്താറുള്ള സൈബര്‍ സഖാക്കള്‍ക്ക് പോലും നേതാവിന്റെ വികലമായ ഭാഷാ പ്രയോഗങ്ങള്‍ തലവേദനയായിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ തെറ്റുകള്‍ വരുത്തുന്ന ചിന്ത ജെറോം ഇംഗ്ലീഷ് ലിറ്ററേച്ചറിലാണ് ഡോക്ടറേറ്റ് നേടിയിട്ടുള്ളത് എന്നതാണ് ട്രോള്‍മാരെ പോലും വിസ്മയിപ്പിക്കുന്നത്.