LogoLoginKerala

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 83-ാം പിറന്നാള്‍

 
K J Yesudas
ഇന്നത്തെ പിറന്നാള്‍ ആഘോഷത്തില്‍ മമ്മൂട്ടി, മന്ത്രി പി രാജീവ്, പ്രശസ്ത ഗായകര്‍, ഗാനരചയിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ ലീന്‍ തോബിയാസ് പകര്‍ത്തിയ 83 യേശുദാസ് ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 83-ാം പിറന്നാള്‍. ജന്മദിനാഘോഷം വിപുലമായി ഇത്തവണ കൊച്ചിയില്‍ നടക്കും. ലോകത്തിന്റെ ഏതു കോണിലായാലും കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ എത്തുമായിരുന്നു. കോവിഡിനു മുന്നെയുള്ള 48 വര്‍ഷവും കൊല്ലൂര്‍ മൂകാംബികയിലാണ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ആഘോഷങ്ങള്‍ കൊച്ചിയില്‍ പരിമിതപ്പെടുത്തിയത്.

ഒന്‍പതാം വയസില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അമ്പത് വര്‍ഷത്തിലേറെയായി നീണ്ടു നിന്ന സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.

K J Yesudas

1940ല്‍ ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത മകനായി ജനനം. അച്ഛന്‍ തന്നെയായിരുന്നു മകന്റെ ആദ്യ ഗുരു. 1961 നവംബര്‍ 14ന് രാമന്‍ നമ്പിയത്ത് നിര്‍മ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് 21 വയസുകാരനായ യേശുദാസിന്റെ സ്വരം സ്റ്റുഡിയോയില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സംഗീത ലോകത്ത് തന്നെ പകരക്കാരനില്ലാത്ത സംഗീതജ്ഞനായി അദ്ദേഹം വളര്‍ന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവുമധികം ഏറ്റുവാങ്ങിയത് യേശുദാസ് ആണ്.

ഇന്നത്തെ പിറന്നാള്‍ ആഘോഷത്തില്‍ മമ്മൂട്ടി, മന്ത്രി പി രാജീവ്, പ്രശസ്ത ഗായകര്‍, ഗാനരചയിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ ലീന്‍ തോബിയാസ് പകര്‍ത്തിയ 83 യേശുദാസ് ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.