LogoLoginKerala

സാധാരണക്കാരന്റെ പടച്ചോനും, കഥകളും സിനിമയാകുന്നു

 
Pdachonte Kathakal
പേര് സൂചിപ്പിക്കുമ്പോലെ ദൈവമാണ്  ചിത്രത്തിന്രെ വിഷയം. ആൾദൈവം, കുട്ടികൾ, ദൈവീക കലാരൂപങ്ങൾ, മതം എന്നിങ്ങനെ പല ഉത്തരങ്ങൾ മനസ്സിലേക്കെത്തും.  പക്ഷേ തെളിവാക്കി മുന്നോട്ട് വെക്കുന്ന സങ്കൽപം ചിലപ്പോ മറ്റൊന്നായിരിക്കാം. ഈ ജീവിതങ്ങളെ ആസ്പദമാക്കിയാണ് ഈ ആന്തോളജി ഒരുങ്ങുന്നത്

മലയാള സിനിമ സാധാരണക്കാരിൽ നിന്ന് സാധാരണക്കാരിലേക്ക് സഞ്ചരിക്കുകയാണ്. ആ യാത്രക്ക് മുതൽക്കൂട്ടായി എത്തുകയാണ് അഞ്ച് എഴുത്തുകാർ- മെൽബിൻ ഫ്രാൻസിസ്, സെബിൻ ബോസ്, അക്ഷര ഷിനു, അഖിൽ ജി ബാബു, ജ്വാലാമുഖി. ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ നേരമ്പോക്കിന് കഥകൾ എഴുതിയ ഇവർ, സിനിമയുടെ സാങ്കേതികതയോ എഴുത്തിന്റെ ആധുനികതയോ ഒന്നും വശമില്ലാതെ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചു.. അതാണ് പടച്ചോന്റെ കഥകൾ.

പേര് സൂചിപ്പിക്കുമ്പോലെ ദൈവമാണ്  ചിത്രത്തിന്രെ വിഷയം. ആൾദൈവം, കുട്ടികൾ, ദൈവീക കലാരൂപങ്ങൾ, മതം എന്നിങ്ങനെ പല ഉത്തരങ്ങൾ മനസ്സിലേക്കെത്തും.  പക്ഷേ തെളിവാക്കി മുന്നോട്ട് വെക്കുന്ന സങ്കൽപം ചിലപ്പോ മറ്റൊന്നായിരിക്കാം. ഈ ജീവിതങ്ങളെ ആസ്പദമാക്കിയാണ് ഈ ആന്തോളജി ഒരുങ്ങുന്നത്.

‘ഉണ്ടംപൊരി വിപ്ലവം’ എന്ന ചെറുസിനിമയുടെ കഥ എഴുതിയത് മത്സ്യ തൊഴിലാളികൂടിയായ മെൽബിൻ ഫ്രാൻസിസ് ആണ്. ഒരു ആൾ ദൈവത്തിന്റെ ‘ഉത്ഭവത്തെ’ പറ്റി സംസാരിക്കുന്ന ഈ സിനിമ യുക്തിയെ അസാധുവാക്കി അന്ധവിശ്വാസത്തിന്റേയും കാപട്യത്തിന്റെയും മറപറ്റി പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയുന്നവരെ തുറന്നു കാട്ടുന്നു. ആലപ്പുഴക്കാരനായ മെൽബിൻ ദിവസേന മത്സ്യബന്ധനത്തിന് പോയി വന്നതിനു ശേഷം ഒഴിവു സമയങ്ങളിലാണ് കഥകൾ എഴുതാറ്. ‘ജപ്പാൻ സ്വാമി’ എന്ന ചെറുകഥ സിനിമാക്കിയത് ധനേഷ് എം കെയാണ്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും’  എന്ന സിനിമയിലൂടെ സുപരിചിതനായ ശിവദാസ് കണ്ണൂർ, ഷൈനി സാറ, സത്യനാരായണമൂർത്തി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പടച്ചോന് എന്തിനാ പണം എന്ന ചിന്തയിൽ നിന്ന് ഉടലെടുത്ത സിനിമയാണ് അക്ഷര ഷിനുവിന്റെയും സെബിൻ ബോസിന്റേയും അന്തോണി. രണ്ട്‌ ചെറുകഥകൾ കൂട്ടിയോജിപ്പിച്ചാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. കഥാകൃത്തുക്കളായ സെബിൻ ബോസ് ഇടുക്കിയിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തിവരുന്നു. തൃശ്ശൂർക്കാരിയായ അക്ഷര ഷിനു യു എ ഇ യിൽ ലൈബ്രേറിയൻ ആണ്.

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടാൻ പെടാപാട് പെടുന്ന അന്തോണി എന്ന പന്ത്രണ്ടുകാരന്റെ മുന്നിൽ ഉൾതിരിയുന്ന ഒരു ചോദ്യമാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകൻ സിബി മലയിലിന്റെ ശിഷ്യനും സംസ്ഥാന പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച 'കാടകലം' എന്ന എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജിന്റോ തോമസ് ആണ് സംവിധാനം. കാടകലത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷ്, നിഷ സാരംഗ്, ഡയറക്ടർ ജിയോ ബേബി എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

തിരുവനന്തപുരം സ്വദേശി ജ്വാലാമുഖിയുടെ ശക്തമായ ചുവടുറപ്പിക്കലാണ് ഗൗരിയെന്ന ചിത്രം. ആഗ്രഹങ്ങൾക്ക് ദൈവത്തിന് കാണിക്കയിട്ടാൽ മതിയെന്ന വിശ്വാസം ഗൌരിയെന്ന പെൺകുട്ടി അറിയാതെ തെറ്റിക്കുന്നു. തുടർന്ന് കാവിൽ അവൾ കണ്ട കാഴ്ച ദൈവസങ്കല്പത്തെ ആകെ മാറ്റിമറിക്കുന്നു. ഇതാണ് കഥയുടെ കാതൽ. അജു സാജൻ സംവിധാനം ചെയുന്ന ചിത്രത്തിൽ  നടൻ സുധീഷ് സുധാകരൻ, നീന കുറുപ്പ്, ബേബി ലക്ഷ്യ എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.

അരുളപ്പാട് എന്ന ചെറുസിനിമ കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ തന്നെ 'പടച്ചോന്റെ കഥകള്‍' എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന ഭാരിച്ച ചുമതലകൂടി അഖില്‍ ജി ബാബു എന്ന പുതുമുഖ സംവിധായകന്‍ നിര്‍വഹിച്ചിരുന്നു. ഒരുപിടി സിനിമാപ്രേമികളായ യുവാക്കളുടെ സിനിമ കൂട്ടായ്മയുടെയും ചര്‍ച്ചകളുടെയും അനന്തരഫലമാണ് ഈ സമാഹാരം. ''വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന വിഷയമാണ് പടച്ചോന്റെ കഥകള്‍. ഒരു മത്സരത്തിലൂടെ തിരഞ്ഞെടുത്ത കഥകളാണ് ഇവ. കഥയും സംവിധകായന്മാരും എല്ലാം ഒത്തുവന്നപ്പോള്‍ പ്രതിലിപി  നിര്‍മാനം ഏറ്റെടുത്തു. ഒരു തെയ്യം കലാകാരന്റെ വിശ്വാസങ്ങളും അനുഭവങ്ങളും നിസ്സഹായാവസ്ഥയും ചര്‍ച്ചയാകുന്ന ഈ സിനിമയില്‍ ബിജു സോപാനം, ഷെല്ലി കിഷോര്‍, ബൈജു വി കെ, കബനി ഹരിദാസ് എന്നിവര്‍ അഭിനയിച്ചു. സാമൂഹിക പ്രസക്തി ഉള്ള വിഷയം ചര്‍ച്ചചെയ്യുന്ന ഈ സിനിമ 'ബുക്ക് മൈ ഷോയുടെ' വെബ്‌സൈറ്റില്‍ ലഭ്യമാകും.