LogoLoginKerala

2018ന്റെ കുതിപ്പില്‍ ഷോടൈം പോലും കിട്ടാതെ പുതിയ ചിത്രങ്ങള്‍, പ്രതികരിച്ച്അനീഷ് ഉപാസന

 
janaki jane


2018 ബോക്‌സോഫീസില്‍ മലവെള്ളപ്പാച്ചില്‍ പോലെ കളക്ഷന്‍ റെക്കോഡുകള്‍ കടപുഴക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെ എത്തിയ നിരവധി സിനിമകള്‍ തീയറ്ററുകളില്‍ ഷോ ടൈം കിട്ടാതെ ബോക്‌സോഫീസില്‍ മുങ്ങിപ്പോകുകയാണ്. അഖില്‍ സത്യന്റെ പാച്ചുവും അത്ഭുത വിളക്കും തീയറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുമ്പോഴാണ് പ്രളയം പോലെ 2018ന്റെ വരവ്. അതോടെ പാച്ചുവും അത്ഭുത വിളക്കും ഉയര്‍ത്തിയ പ്രതീക്ഷകള്‍ക്ക് മേല്‍ നിഴല്‍വീണു. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകീ ജാനേ, സുധി മാഡിസ്സന്‍ ഒരുക്കിയ നെയ്മര്‍, ഷഹദിന്റെ അനുരാഗം എന്നീ ചിത്രങ്ങളും 2018ന് പിന്നാലെ എത്തിയെങ്കിലും ബോക്‌സോഫീസിലെ പ്രളയതരംഗത്തിന് കുറവൊന്നുമുണ്ടായില്ല. കൃത്യമായി ഷോ ടൈം പോലും നല്‍കാതെ പല തീയറ്ററുകളും ഈ ചിത്രങ്ങളെ തഴയുകയാണെന്ന് അണിയറക്കാര്‍ പരിഭവിക്കുന്നു. ഈ സാഹചര്യത്തില്‍ 2018ന്റെ നിര്‍മാതാക്കള്‍ക്കും തീയറ്ററുടമകള്‍ക്കും തുറന്ന കത്തുമായി രംഗത്തുവന്നിരിക്കുകയാണ് ജാനകീ ജാനെ സംവിധായകന്‍ അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ ഫേസ്ബുക്ക് പോസ്റ്റ്

അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റര്‍ ഉടമകള്‍ക്കുമായി ഒരു തുറന്ന കത്ത്- ഞാന്‍ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സന്‍ സംവിധാനം ചെയ്ത നെയ്മര്‍ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളില്‍ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികള്‍ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങള്‍ക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോസ് തരുകയും ചെയ്യുന്ന തീയറ്ററുകാരുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. എല്ലാവര്‍ക്കും 2018 എടുക്കാന്‍ പറ്റില്ല. തീയറ്ററുകള്‍ ഉണര്‍ന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ഉച്ചക്ക് ഒന്നരക്കായാലും പുലര്‍ച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും.പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങള്‍ തീയറ്ററില്‍ നിറയണമെങ്കില്‍ ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം.. 2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്. ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ്. പലവാതിലുകളില്‍ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്. ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..
ജാനകി ജാനേയും സിനിമ തന്നെയാണ് ...
ഇനി വരാന്‍ പോകുന്നതും കൊച്ച് സിനിമകളാണ്
2018 ഉം സിനിമയാണ്
എല്ലാം ഒന്നാണ്
മലയാള സിനിമ. .!
മലയാളികളുടെ സിനിമ..!
ആരും 2018 ഓളം എത്തില്ലായിരിക്കും..
എന്നാലും ഞങ്ങള്‍ക്കൊപ്പവും ഒന്ന് നിന്ന് കൂടെ...
അനീഷ് ഉപാസന