കെ.ടി. റമീസില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്
കോഴിക്കോട്-നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളക്കടത്തിന്റെ ഉറവിടത്തെക്കുറിച്ചും സ്വർണം പോയ വഴികളെക്കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. സ്വര്‍ണ്ണ വ്യാപാരികളെയും ദുബായില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പണം നല്‍കിയവരെയും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
സ്വര്‍ണക്കടത്ത് മുഖ്യസൂത്രധാരന്‍ കെ ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. റമീസില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി ഉടമകളുടെ മലപ്പുറം, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ് നടന്നത്. കോഴിക്കോട് സ്വദേശി സംജു, ഷംസുദീൻ എന്നിവരുടെ വീടുകളിൽ പരിശോധന നടന്നു. കൊയമ്പത്തൂരിൽ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതൊടെയാണ് ഇഡി റെയ്ഡ് നടത്തിയത്.
നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ കെ ടി റമീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംജുവും, ഷംസുദ്ദീനും ബന്ധുക്കളാണ്.പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തുകയും, കടത്തിയ തങ്കം ജ്വല്ലറികളില്‍ ആഭരണമാക്കാന്‍ പാകത്തില്‍ മാറ്റം വരുത്തി നല്‍കുന്ന ബിസിനസിലും ഇവര്‍ക്ക് പങ്കുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് നാളുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി റമീസിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തുക എന്നത് കെ.ടി. റമീസിന്‍റെ ആശയമായിരുന്നു എന്ന് പറയപ്പെടുന്നു. റമീസാണ് സ്വപ്ന സുരേഷിനെയും പി.ആര്‍. സരിത്തിനെയും ഈ ആശയം അറിയിച്ച് അതിലേക്ക് ആകര്‍ഷിച്ചത്. സ്വര്‍ണ്ണക്കടത്തിന് ആവശ്യമായ തുക പലരും ഹവാലപ്പണമായും കള്ളപ്പണമായും നല്‍കിയത് റമീസിനായിരുന്നു. നേരത്തെ എന്‍ ഐഎയും കസ്റ്റംസും റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. കെ.ടി. റമീസില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ചതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം വീണ്ടും ഇഡി സജീവമാക്കി. ഈ കേസില്‍ റമീസ് അഞ്ചാം പ്രതിയാണ്.