LogoLoginKerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനായി

 
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനായി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 50-‍ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നവംബർ ഒൻപതിന് ചുമതലയേല്‍ക്കും. നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടിന് വിരമിക്കാനിരിക്കെ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് തന്റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്രചൂഡിനെ ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് യു യു ലളിത് തന്റെ പിന്മാഗിയായി ഡി.വൈ ചന്ദ്രചൂഡിനെ ശുപാര്‍ശ ചെയ്തത്.

2016 മെയ് 13-നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം. 2024 നവംബര്‍ 10 വരെ രണ്ടു വർഷക്കാലമാണ് ചന്ദ്രചൂഡിന്റെ ചുമതല.

സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 2000 മാർച്ച് മുതൽ 2013 ഒക്ടോബർ വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. 1998-2000 ജസ്റ്റിസ് ചന്ദ്രചൂഡ് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും ഏഴു വര്‍ഷത്തിലേറെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.