ദുബായ് നിരത്തുകളില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം 5% ഡ്രൈവറില്ലാ കാറുകള്‍

2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു.

ദുബായ്: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ദുബായിലെ ടാക്സികളില്‍ അഞ്ചുശതമാനം സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളായി മാറുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). 2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു.

2021-2023 വര്‍ഷത്തെ ദുബായ് ടാക്സി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനരൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടാക്സി മേഖലയില്‍ അനിതര സാധാരണമായ യാത്രാനുഭവം നല്‍കുന്നതിന് ദുബായ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.

നിര്‍മിതബുദ്ധി, സ്മാര്‍ട്ട് സംവിധാനം തുടങ്ങിയ അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ടാക്സി മേഖലയില്‍ സമ്പൂര്‍ണ അഴിച്ചുപണികള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023-ഓടെ അഞ്ചുശതമാനം ടാക്സികള്‍ സെല്‍ഫ് ഡ്രൈവിങ് വിഭാഗത്തിലാകുമ്പോള്‍ 56 ശതമാനം വാഹനങ്ങള്‍ പ്രകൃതി സൗഹൃദവിഭാഗത്തിലാക്കുന്ന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ സ്ഥാപനമായ ജനറല്‍ മോട്ടോഴ്‌സിന്റെ പിന്തുണയുള്ള ക്രൂസ് കമ്പനിയുമായാണ് ഡ്രൈവര്‍മാരില്ലാത്ത ടാക്സിസേവനത്തിനുള്ള കരാര്‍ ഒപ്പിട്ടിരിക്കുന്നത്.