ഡോക്ടര്‍ വന്ദനയുടെ കൊലപാതകി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല

തിരുവനന്തപുരം- ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള ടീം ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. മാനസിക കേന്ദ്രത്തില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.
താന്‍ ലഹരിക്ക് അടിമയില്ലെന്ന് ജയില്‍ അധികൃതരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.
ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് ഭയന്നതോടെയാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യം വച്ചില്ലായിരുന്നു എന്നുമാണ് സന്ദീപിന്റെ ഏറ്റുപറച്ചില്‍. രക്ഷപ്പെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.