LogoLoginKerala

പ്രതി രക്ഷപ്പെടുന്ന ദൃശ്യം ലഭിച്ചു, തീവെപ്പ് ആസൂത്രിതമെന്ന് ഉറപ്പായി

 
Train Fire
കോഴിക്കോട്-ട്രെയിനിന് തീയിട്ട പ്രതി രക്ഷപ്പെടുന്ന നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. റോഡരികില്‍ കാത്തു നില്‍ക്കുന്ന പ്രതിയെ ഒരു സ്‌കൂട്ടറിലെത്തിയ ആള്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. ഇതോടെ തീവെപ്പ് ആസൂത്രിതമാണെന്ന് ഉറപ്പായി. കാഴ്ചയില്‍ 27 വയസ്സു തോന്നുന്ന ആളാണ് അക്രമി.
ഒരു പള്ളിയിലെ സി സി ടി വിയില്‍ നിന്ന് ലഭിച്ച മൂന്നു മിനിറ്റ് ഫുട്ടേജില്‍, തീവെപ്പ് നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് 11.25ന് ഇയാള്‍ റോഡരികിലേക്ക് എത്തുന്നതും ആരെയോ ഫോണില്‍ വിളിക്കുന്നതും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു സ്‌കൂട്ടര്‍ എത്തി കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. 11 25നാണ് ഇയാള്‍ ഇവിടേക്ക് എത്തുന്നത്. ഇരുട്ടില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ റോഡരികില്‍ വെളിച്ചമുള്ള ഭാഗത്തേക്ക് വരുന്നതും 11.27ന് ഫോണ്‍ ചെയ്യുന്നതും തൊട്ടുപിന്നാലെ എത്തുന്ന സ്‌കൂട്ടര്‍ ഇയാളുടെ അടുത്ത് വന്ന് നില്‍ക്കുന്നു. കൈകാണിക്കാതെ തന്നെ സ്‌കൂട്ടര്‍ നിര്‍ത്തുന്നതും മുന്‍കൂട്ടി നിശ്ചയിച്ച പോലെ ഇയാളെ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നതും വ്യക്തമായ പ്ലാനിംഗിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ചുവന്ന ചെക്ക് ഷര്‍ട്ട് ധരിച്ച ഇയാളുടെ തോളില്‍ ബാക്ക് പാക്ക് ബാഗുമുണ്ട്. ട്രെയിനില്‍ വെച്ച് കണ്ട ആളുടെ അതേ ലക്ഷണങ്ങളാണ് ഇയാള്‍ക്കുള്ളത്. ട്രെയിനിന് തീവെച്ച ശേഷം എവിടെയോ ഒളിച്ചു നിന്ന പ്രതി അന്തരീക്ഷം അനുകൂലമായെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷപ്പെട്ടുവെന്നാണ് അനുമാനം.
ഇയാള്‍ രക്ഷപ്പെട്ട ദിശയിലുള്ള പരമാവധി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. ഇയാള്‍ ഫോണ്‍ ചെയ്ത സമയത്തെ ടവര്‍ലൊക്കേഷന്‍ ഡീറ്റെയില്‍സ് എടുത്തതില്‍ നിന്ന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.