LogoLoginKerala

ട്രെയിനിലെ തീവെപ്പ്: പ്രതി ബാഗ് ഉപേക്ഷിച്ചത്‌ അന്വേഷണം വഴിതെറ്റിക്കാന്‍

 
Train Fire
കോഴിക്കോട് - ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട പ്രതി ബാഗ് ഉപേക്ഷിച്ച് കടന്നത് അന്വേഷണം വഴിതെറ്റിക്കാന്‍. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്‌സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ഒരു ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലും സ്ഥലപ്പേരുകളാണ് കുറിച്ചിരുന്നു. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ഇംഗ്ലിഷില്‍ 'എസ്' എന്ന രീതിയില്‍ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന പ്രാഥമിക നിഗമനം ഉണ്ടായത്. എന്നാല്‍ പ്രതി രക്ഷപ്പെടുന്ന സി സി ടി വി ദൃശ്യം ലഭിച്ചതോടെയാണ് ഈ ബാഗ് ഉപേക്ഷിച്ചത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന സംശയം ബലപ്പെട്ടത്. ട്രെയിനില്‍ തീവെച്ച ശേഷം പുറത്തിറങ്ങിയ പ്രതി ഇടറോഡിലൂടെ പ്രധാന റോഡിലെത്തി ആരെയോ വിളിച്ചു വരുത്തി രക്ഷപ്പെടുന്ന ദൃശ്യം ലഭിച്ചതോടെ ഇയാള്‍ക്ക് സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.