LogoLoginKerala

ട്രെയിനിന് തീവെച്ച പ്രതി ഉത്തരേന്ത്യയിലേക്ക് കടന്നെന്ന് സൂചന, അന്വേഷണ ഉദ്യോഗസ്ഥര്‍ യു പിയിലേക്ക്

 
train fire suspect

കോഴിക്കോട്-എലത്തൂരില്‍ ട്രെയിനിന് തീവച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ നോയ്ഡയിലേക്ക് തിരിച്ചു. പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളില്‍ കണ്ട ആള്‍ തന്നെയാണ് ട്രെയിനില്‍ തീവെപ്പ് നടത്തിയതെന്ന് മുഖ്യസാക്ഷി റാസിഖ് തിരിച്ചറിഞ്ഞതോടെയാണ് ഇയാളിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഉത്തര്‍പ്രദേശ് കൂടാതെ ഇയാള്‍ പോയിരിക്കാന്‍ സാധ്യതയുള്ള  ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി പോലീസ് സേനകളുടെ സഹായം അന്വേഷണത്തിനായി തേടിയിട്ടുണ്ട്.  സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ആസ്ഥാനത്തേക്ക് കൈമാറിയതിനെ തുടര്‍ന്ന് യു പി പോലീസ് നോയ്ഡയിലെ ഇയാളുടെ വീട്ടിലും ചില ജിമ്മുകളിലുമെത്തി വിവരശേഖരണം നടത്തി കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. 
പ്രതി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് കരുതുന്നു. മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ വെച്ചാണ് ഇയാളുടെതെന്ന് കരുതുന്ന ബാഗില്‍ ഉണ്ടായിരുന്ന ഫോണ്‍ അവസാനമായി ഉപയോഗിച്ചതെന്നാണ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. 
വിവിധ റെയില്‍വെ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഏത് ട്രെയിനിലാണ് പോയതെന്ന് വ്യക്തമായ സൂചന സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇത് പിന്തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിലെ നോട്ട് പാഡില്‍ നിന്നാണ് പ്രതി നോയ്ഡ സ്വദേശിയാണെന്ന സൂചന ലഭിക്കുന്നത്. ഷഹരൂഖ് സൈഫി, കാര്‍പ്പെന്റര്‍, ഫക്രുദീന്‍ കാര്‍പ്പെന്റര്‍, ഹാരിം കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്. അക്രമി സംഘത്തില്‍ ഒന്നിലധികം പേരുണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. തീവെപ്പ് നടത്തിയ ആള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി ചില ദൃക്‌സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. 
സംഭവത്തിനുപിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപത്തെത്തിയപ്പോള്‍ തീവെപ്പിന് ശ്രമിച്ചുവെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. പ്രത്യേകമായി ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന നിഗമനത്തിലാണ് ആദ്യം മുതല്‍ പോലീസ്. ഇതാണ് തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം. എന്‍ ഐ എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 
 ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ഉള്‍പ്പെടെ 18 അംഗങ്ങളാണ് കേരള പോലീസിന്റെ അന്വേഷണ സംഘത്തിലുള്ളത്.ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനായി പോയിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍. 
പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തില്‍ കുറച്ചധികം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാള്‍ പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ലെന്നും എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.