അത് വ്യാജനല്ല, ഒറിജിനല്‍ എല്‍ എസ് ഡി സറ്റാമ്പ് തന്നെയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍
തൃശൂര്‍- ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയുടെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് ഒറിജിനല്‍ എല്‍ എസ് ഡി സ്റ്റാമ്പ് തന്നെയെന്ന നിലപാടില്‍ ഉറച്ച് സസ്‌പെന്‍നിലായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീഷ്. എല്‍ എസ് ഡി സ്റ്റാമ്പ് പരിശോധിക്കുന്നതിലുണ്ടായ കാലതാമസമാണ് അതിലെ ലഹരി ആവിയായി പോകാന്‍ കാരണമെന്ന് സതീഷ് പറയുന്നു. ഷീലാ സണ്ണി നിരപരാധിയാണെങ്കില്‍ അവരുടെ മകന്റെ ഭാര്യയുടെ അനുജത്തിയാണ് ബാഗില്‍ എല്‍ എസ് ഡി സ്റ്റാമ്പ് വെച്ചിരിക്കാന്‍ സാധ്യതയെന്നും അക്കാര്യം അന്ന് ഷീലാ സണ്ണി അംഗീകരിച്ചില്ലെന്നും സതീഷ് വിശദീകരിക്കുന്നു.
അത് എല്‍ എസ് ഡി സ്റ്റാമ്പ് തന്നെയാണെന്നുറപ്പാണ്. ഇതിന് മുന്‍പും ഇത്തരത്തിലുള്ള കേസുകള്‍ താന്‍ പിടിച്ചിട്ടുണ്ട്. കാലതാമസം കൊണ്ടാണ് പരിശോധനയില്‍ അതില്‍ ലഹരി കണ്ടെത്താന്‍ കഴിയാതിരുന്നത്. അതിലെ ലിക്വിഡ് ആവിയായി പോകും. എല്‍ എസ് ഡി സ്റ്റാമ്പ് പിടിച്ചാല്‍ ഉടനടി പരിശോധന നടത്തേണ്ടതുണ്ട്. അതിന് ഡിറ്റക്ഷന്‍ കിറ്റ് വേണം. എക്‌സൈസിന്റെ പക്കല്‍ അതില്ല. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും അന്വേഷണം നേരിടുമെന്നും സതീഷ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെപ്പോയി പരിശോധിച്ചപ്പോഴാണ് സ്റ്റാമ്പ് കിട്ടിയത്. ഷീലാ സണ്ണിയുടെ മകനോട് ചോദിച്ചപ്പോള്‍ ഭാര്യയുടെ അനുജത്തി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ കുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു ഷീല പറഞ്ഞത്. സാധനം നിങ്ങളുടെ കൈയില്‍നിന്ന് കിട്ടിയ സ്ഥിതിക്ക് കേസ് വിടാന്‍ പറ്റില്ല. വിട്ടുകഴിഞ്ഞാല്‍ ഞാന്‍ പൈസ വാങ്ങി കേസ് ഒഴിവാക്കിയെന്ന് പരാതിക്കാര്‍ പറയും. അതിനാല്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ആരുമില്ല, ഒന്നും അറിയില്ല എന്നായിരുന്നു അവരുടെ മറുപടി. അന്ന് മൂന്നരമണി മുതല്‍ ഒമ്പതുമണി വരെയാണ് ഷീല തന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. കേസെടുത്ത് കൈമാറിയശേഷം ബാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു അവര്‍. അസി. എക്‌സൈസ് കമ്മീഷണറുടെ അടുത്താണ് അവര്‍ സംശയമുള്ളതൊക്കെ പറയുന്നത്. തന്റെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സതീഷ് പറഞ്ഞു.