LogoLoginKerala

സെയ്ഫിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ? പരിശോധിച്ച് പോലീസ്

സെയഫിയുടെ യൂട്യൂബ് ചാനല്‍ ഒരു വര്‍ഷമായി നിശ്ചലം
 
sharookh saifi

ന്യൂഡല്‍ഹി-  ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമാണോ എന്ന് ഡല്‍ഹി പോലീസും ഐ ബിയും അന്വേഷിക്കുന്നു. ട്രെയിനില്‍ തീവെയ്പ് നടത്തിയത് വളരെ ആസൂത്രിതമാണെന്ന് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യക്തമായതാണെങ്കിലും എന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നോ ആരാണ് സെയ്ഫിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നോ അറിവായിട്ടില്ല. 
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഷാരൂഖ് സെയ്ഫി ആരൊക്കെയായി ബന്ധപ്പെട്ടിരുന്നു, എന്തൊക്കെയായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പോലീസ് ആഴത്തില്‍ അന്വേഷിക്കുന്നത്. ഇയാള്‍ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനവലയത്തിലേക്ക് അടുത്ത കാലത്ത് ഇയാള്‍ മാറിയിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. 

saifi


മരപ്പണിക്കാരനായ ഇയാളുടെ ഇഷ്ടവിനോദം ഇന്റര്‍നെറ്റാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ സെയ്ഫിക്ക് ഉണ്ട്. ഷാരൂഖ് സെയ്ഫി അജ്‌നാറ 3618 എന്ന ഈ ചാനലില്‍ ഏറെയും സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയും ചുണ്ടനക്കുകയും ചെയ്യുന്ന വീഡിയോകളും ഷോര്‍ട്ടുകളുമാണ് ഏറെയും. ചില മതാധ്യാപകരുടെ പ്രഭാഷണങ്ങളും ജനപ്രിയ സിനിമാ ഗാനങ്ങളുമുണ്ട്. തീവ്രവാദ സ്വഭാവമുള്ള ഒന്നും തന്നെ ഈ ചാനലിലില്ല. എന്നാല്‍ ആറ് വര്‍ഷം മുമ്പ് മുതല്‍ ഒരു വര്‍ഷം മുമ്പ് വരെയാണ് ഇയാള്‍ ഇതില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിന് ശേഷം യുട്യൂബ് ചാനലില്‍ ഒന്നും തന്നെ പുതുതായി അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇക്കാലവളവില്‍ ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസാന്തരം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ചോദ്യം.