താനൂര്‍ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റംചുമത്തി ക്രൈംബ്രാഞ്ച്
താനൂര്‍: കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി.
താനൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫന്‍, ഡാന്‍സാഫ് അംഗങ്ങളായ ജിനേഷ്, അഭിമന്യു, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി സ്റ്റേഷനിലെ ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.
നിലവില്‍ ഇവര്‍ സസ്‌പെന്‍ഷനിലാണ്. താമിര്‍ ജിഫ്രിയുടെ മരണത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. കൊലക്കുറ്റം, അന്യായമായി തടങ്കല്‍ വെക്കല്‍, രഹസ്യമായി തടവില്‍ വെക്കല്‍, അപകടകകരമായ ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ പൊതു ഉദ്ദേശത്തിന് വേണ്ടി കൂട്ടം ചേര്‍ന്ന് ക്രിമിനല്‍ പ്രവൃത്തി ചെയ്യല്‍ എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് തിരൂര്‍ സബ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരും.