LogoLoginKerala

ലൈഫ് മിഷന്‍ കോഴക്കേസ്; സ്വപ്നയുടെ ജാമ്യം നീട്ടി, ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും

സ്വപ്‌നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യാത്തതില്‍ ഇ ഡി യെ വിമര്‍ശിച്ച് കോടതി
 
SARITH SWAPNA SIVASANKAR

കൊച്ചി-ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി നീട്ടി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടിയത്. അതേസമയം, ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാന്‍ഡ് കാലാവധി ആഗസ്റ്റ് അഞ്ച് വരെ നീട്ടി. മറ്റൊരു പ്രതിയായ സരിത്തിന് ജൂലൈ 27 വരെ ഇടക്കാല ജാമ്യവും അനുവദിച്ചു.

എട്ടാം പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇ ഡി മുഖ്യപ്രതികളായ സ്വപ്‌നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇഡിക്കെതിരെ കോടതി രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.  ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചത്. സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിന് അത് അന്വേഷണ ഏജന്‍സിയുടെ വിവേചാധികാരത്തില്‍ പെട്ടതാണെന്നായിരുന്നു ഇ ഡി അഭിഭാഷകയുടെ മറുപടി..

കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. യു എ ഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിന് കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.