LogoLoginKerala

കൊച്ചിയില്‍ ഇന്റര്‍സിറ്റി ട്രെയിന് നേരെ കല്ലേറ്

 
intercity express stone

കൊച്ചി - എറണാകുളത്ത് ഓടുന്ന ട്രെയിനിലേക്ക് കല്ലേറ്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരക്കുശേഷം ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളിക്കും നോര്‍ത്ത് സ്റ്റേഷനുമിടയില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലേറ് പതിവായിരുന്നു. കല്ലേറില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കല്ലേറ് നിന്നു. വലിയൊരു ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ കല്ലേറ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ ആരുക്കും പരുക്കില്ല. കല്ല് ബോഗിക്കുള്ളിലായാണ് വീണതെന്നും അന്വേഷണം ആരംഭിച്ചതായും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് വ്യക്തമാക്കി.
 ബുധനാഴ്ച ഉച്ചയ്ക്ക് 2.50ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട ഇന്റര്‍സിറ്റി എക്സ്പ്രസ് രാത്രി 8.50-നാണ് എറണാകുളത്തെത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാര്‍ട്ട്മെന്റിനുള്ളില്‍ സീറ്റിലേക്ക് വന്നുവീഴുകയായിരുന്നു. ഈ സമയം ട്രെയിനിലുണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. തുടര്‍ന്ന് എറണാകുളത്ത് ഇറങ്ങിയ ഇവര്‍ ആര്‍.പി.എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ ട്രെയിന്‍ തീവെപ്പിന്റെ പശ്ചാത്തലത്തില്‍ കല്ലേറിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.