LogoLoginKerala

ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; എസ്.പി പി. വിക്രമന്‍ സംഘത്തലവന്‍

പ്രതി കസ്റ്റഡിയിലായെന്നും സൂചന
 
DGP Anil Kant
തിരുവനന്തപുരം-ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.    
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പോലീസ് കസ്റ്റഡിയിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചു. കണ്ണൂരില്‍ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. പിടിയിലായ ഷഹറൂഖ് സെയ്ഫിനെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ആശുപത്രിയിലെ ഒ. പി ടിക്കറ്റാണ് കേസില്‍ വഴിത്തിരിവായതെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നും പ്രമുഖ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രതി കസ്റ്റഡിയിലില്ലെന്ന് എ ടി എസ് തലവനായ എഡിജിപി പി വിജയന്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരിലാണ്് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപ്പെടാനായി ചാടിയ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു.