LogoLoginKerala

അടിവസ്ത്രത്തില്‍ സ്വര്‍ണക്കടത്ത്, ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

 
gold smuggling

മലപ്പുറം- അടിവസ്ത്രത്തില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ചും ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചും കരിപ്പൂരിലെത്തിയ പോലീസ് പിടിയില്‍. പൊന്നാനി സ്വദേശി അബ്ദുസലാ(36)മിനെയാണ് 1.656 കിലോഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണം നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചും ഉള്‍വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ചുമാണ് ഇയാള്‍ കടത്തിക്കൊണ്ടുവന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അബ്ദുസലാം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് രാവിലെ പത്തുമണിയോടെ ഇയാള്‍ പുറത്തിറങ്ങിയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. 

പ്രാഥമിക ചോദ്യംചെയ്യലില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തില്‍ സ്വര്‍ണം കണ്ടെത്തി. വസ്ത്രത്തിന് അകത്ത് പ്രത്യേകപാളിയാക്കി സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിക്കുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ചതായും കണ്ടെത്തി. 1.25 കിലോയോളം ഭാരമുള്ള നാല് ക്യാപ്‌സ്യൂളുകളാണ് ശരീരത്തിനുള്ളിലുണ്ടായിരുന്നത്. ഇത് മരുന്നു നല്‍കി പുറത്തെടുത്തു.