LogoLoginKerala

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ ആളും സഹായിയും അറസ്റ്റില്‍

 
smuggled gold

കൊച്ചി--ശരീരത്തിലൊളിപ്പിച്ച സ്വര്‍ണ്ണവുമായി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കടന്ന യുവാവും ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ആളും പോലീസ് പിടിയില്‍. ഇരിങ്ങാലക്കുട മുരിയാക്കാട്ടില്‍ വീട്ടില്‍ സൂരജ് (28), കൂട്ടിക്കൊണ്ടുപോകാനെത്തിയ മലപ്പുറം പൊന്നാനി കുട്ടിയമാക്കാനകത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ റഹ്‌മാന്‍ (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്താലൊളിപ്പിച്ച നിലയില്‍ 634 ഗ്രാമോളം സ്വര്‍ണ്ണം സൂരജില്‍ നിന്ന് പിടികൂടി. നാല് ക്യാപ്‌സൂളുകളാക്കിയാണ് സ്വര്‍ണ്ണം കൊണ്ടു വന്നത്. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ  934 വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് ടീമിനെ എയര്‍പോര്‍ട്ടിലും പരിസരത്തും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സംശയം തോന്നിയ ഇവരെ പരിശോധനക്കായി എയ്ഡ് പോസ്റ്റില്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ 30 ന് വിദേശത്ത് നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്ന 20 പവന്‍ സ്വര്‍ണ്ണം വിമാനത്താവള പാര്‍ക്കിംഗ് ഏരിയക്ക് സമീപം പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി അജ്മല്‍ അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, സബ് ഇന്‍സ്‌പെക്ടര്‍ എസ്.ശിവപ്രസാദ്, എ.എസ്.ഐ ഷിജു, ബൈജു കുര്യന്‍, എസ്.സി.പി.ഒ ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.