LogoLoginKerala

ട്രെയിനില്‍ നിന്ന് ചാടി, നാട്ടുകാര്‍ ആശുപത്രിയിലാക്കി, ഷാരൂഖ് സെയ്ഫി പിടിയിലായതിങ്ങനെ

 
sharookh saifi

രത്‌നഗിരി- ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിക്കപ്പെട്ടത് ട്രെയിനില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന്. രത്‌നഗിരിക്കടുത്ത് ഖേദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഭാഗത്ത് വെച്ചാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടിയത്. പരിക്കേറ്റു കിടന്ന ഇയാളെ നാട്ടുകാരാണ് രത്‌നഗിരി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വെച്ച് ഇയാള്‍ ഫോണ്‍ സ്വിച്ചോണ്‍ ചെയ്തതോടെ ഇയാളുടെ സിംകാര്‍ഡ് നമ്പറുകള്‍ നിരീക്ഷിച്ചിരുന്ന കേന്ദ്ര ഏജന്‍സികള്‍ വിവരം മഹാരാഷ്ട്ര ഇന്റലിജന്‍സിനെ അറിയിച്ചു. പ്രതി രത്‌നഗിരി ആശുപത്രി പരിസരത്ത് ഉണ്ടെന്ന് വിവരം ലഭിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാല്‍ അതിനോടകം ഷാരൂഖ് സെയ്ഫ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കാലിലെ പൊള്ളലിനെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ നല്‍കിയ മറുപടി സംശയം ജനിപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന സംശയത്തില്‍ ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടെന്നറിഞ്ഞ പോലീസ് പരിസരമാകെ തിരച്ചില്‍ നടത്തി. രത്‌നഗിരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാള്‍ മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായത്. 

തീവെച്ച ട്രെയിനില്‍ തന്നെ കണ്ണൂരില്‍ എത്തിയ ഇയാള്‍ അവിടെ നിന്ന് ട്രെയിനുകള്‍ മാറിമാറിക്കയറിയാണ് കൊങ്കണ്‍ വഴി മഹാരാഷ്ട്രയിലെത്തിയത്. അജ്മീറായിരുന്നു ഇയാളുടെ യാത്രാ ലക്ഷ്യമെന്ന് പറയുന്നു. കാശ്മീരിലേക്കു പോകാനാണ് ശ്രമിച്ചതെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഷാറൂഖിന്റെ പിതാവിനെ ഡല്‍ഹി പോലീസ് ഇന്നുച്ചയോടെ ഷഹീന്‍ ബാഗിലെ വീട്ടില്‍ നിന്നും കൊണ്ടു പോയി. എങ്ങോട്ടാണ് കൊണ്ടുപോയതെന്നതില്‍ വ്യക്തതയില്ല. ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് സെപഷ്യല്‍ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പോലീസ് സംഘവും ഒപ്പമുണ്ട്. ഷഹറൂഖിനെ സംബന്ധിച്ച് കൂടൂതല്‍ വിവരങ്ങള്‍ തേടാനാണ് വിളിപ്പിച്ചതെന്നാണ് വിവരം. ഷാരൂഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാരൂഖിനെ ആറു ദിവസമായി കാണാനില്ലായിരുന്നുവെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. ഷാരൂഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും ഷാരൂഖിന് അധികം സുഹൃത്തുക്കളില്ലെന്നും ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, ഷാറൂഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീന്‍ബാഗിലെ ഷാരൂഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.