മഹാരാജാസിന് മുന്നില്‍ ബസ് ജീവനക്കാരന് എസ് എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദനം
കൊച്ചി- മഹാരാജാസ് കോളേജിനു മുന്നില്‍ സ്വകാര്യ ബസ് ജീവനക്കാരന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണം. ആക്രമണത്തില്‍ പരിക്കേറ്റ ബസ് കണ്ടക്ടര്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ഒരാള്‍ ബസില്‍ കയറി മഹാരാജാസിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ കണ്‍സഷന്‍ നല്‍കാന്‍ പറ്റില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ തര്‍ക്കമായി. ബസ് മഹാരാജാസ് കോളേജിന് മുന്നിലെത്തിയതോടെ കൂടുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളിലേക്ക് കയറി ജെഫിനെ ആക്രമിക്കുകയായിരുന്നു. മഹാരാജാസ് കോളേജിന് മുന്നില്‍വെച്ച് സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കയറി ജെഫിനെ മര്‍ദിക്കുകയായിരുന്നു. ബസിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ജെഫിനെ ബസില്‍നിന്ന് വലിച്ചിറക്കി റോഡിലിട്ടും ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞദിവസങ്ങളിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരേ ഭീഷണി മുഴക്കിയിരുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പാണ് കണ്‍സഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടക്കം. രാവിലെ ആറുമണി കഴിഞ്ഞ് 4 വിദ്യാര്‍ഥികള്‍ ബസില്‍ കയറുകയും കണ്‍സെഷന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഏഴുമണിമുതലാണ് കണ്‍സെഷന്‍ സമയമെന്നും ടിക്കറ്റ് പൈസ മുഴുവന്‍ തരണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുക്കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബസ് ജീവനക്കാരനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് ജെഫിന്‍ വീണ്ടും ബസില്‍ ജോലിയില്‍ പ്രവേശിച്ചദിവസമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്. സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.