ബസില്‍ യുവാവിന്റെ സ്വയംഭോഗം; ദുരനുഭവം വിവരിച്ച് റീല്‍സ് താരം മസ്താനി
കൊച്ചി--കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കിടെ യുവതിക്ക് നേരെ പരസ്യമായി നഗ്‌നത കാണിച്ച യുവാവ് റിമാന്റില്‍. കോഴിക്കോട് കായക്കൊടി കാവില്‍ സവാദ് (27) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തകയും മോഡലും റീല്‍സ് താരവുമായ തൃശൂര്‍ സ്വദേശിനി നന്ദിത ശങ്കര(മസ്താനി)യോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പുറത്തുവിട്ടതോടെ അക്രമിയെ ഓടിച്ചിട്ട് പിടികൂടി കെ എസ് ആര്‍ ടി സി കണ്ടക്ടറും സോഷ്യല്‍ മീഡിയയില്‍ താരമായി മാറി.
ചൊവ്വാഴ്ചയാണ് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നന്ദിതക്ക് മോശം അനുഭവം ഉണ്ടായത്. ദേശീയ പാതയില്‍ അത്താണിയില്‍ വച്ചാണ് സംഭവം. എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്. സ്ത്രീകള്‍ക്ക് മുന്‍ഗണന ഉള്ള മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നന്ദിത്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു ഇയാള്‍ ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് ശരീരത്തില്‍ മുട്ടിയുരുമ്മാന്‍ തുടങ്ങി. അവഗണിച്ചപ്പോള്‍ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും യുവതി കാണ്‍കെ സ്വയംഭോഗം നടത്തുകയുമായിരുന്നു. അതിന്റെ വിഡിയോ പകര്‍ത്തിയ യുവതി ചോദ്യം ചെയ്തതോടെ യുവാവ് സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റു. താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് വാദിയെ പ്രതിയാക്കാനുള്ള ശ്രമമാണ് സവാദ് നടത്തിയത്. അപ്പോള്‍ തന്നെ കണ്ടക്ടര്‍ പ്രദീപ് ഇടപെട്ടു. നിങ്ങള്‍ക്ക് പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതിയുണ്ട് എന്ന് യുവതി മറുപടി നല്‍കി. അതോടെ ബസ് നേരെ സ്‌റ്റേഷനിലേക്ക് വിടാന്‍ ഡ്രൈവറോട് കണ്ടക്ടര്‍ നിര്‍ദേശിച്ചു. ബസ് അത്താണിയിലെ ട്രാഫിക് സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ചാടി പുറത്തിറങ്ങി ഓടി. കണ്ടക്ടറും ഡ്രൈവറും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന ഏല്‍പിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് നന്ദിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ വൈറലായി മാറി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 12 ലക്ഷത്തിലധികം പേര്‍ കണ്ടു. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേര്‍ കുറിപ്പിടുകയും സമാന അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഒപ്പം യുവതിക്ക് പൂര്‍ണ പിന്തുണ നല്‍കി ചേര്‍ത്തുപിടിച്ച കണ്ടക്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ്. ആലുവ സ്വദേശിയായ കെ.കെ പ്രദീപാണ് ആ കണ്ടക്ടര്‍. പതിനെട്ട് വര്‍ഷമായി താന്‍ കെഎസ്ആര്‍ടിസിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടയില്‍ ഇത്തരത്തിലുള്ള പല സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് പ്രദീപ് പറഞ്ഞു. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകാറില്ല. ഇതോടെ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടും. ഇവിടെ നന്ദിത പരാതി നല്‍കാന്‍ തയ്യാറായി. മാത്രവുമല്ല വീഡിയോ പകര്‍ത്തുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രദീപ് പറഞ്ഞു.