LogoLoginKerala

ശശീന്ദ്രന്റെ മരണം കൊലപാതകം,ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര്‍നാഥ് അറസ്റ്റില്‍

കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കി, പിന്നില്‍ സ്വത്ത് തര്‍ക്കം

 
saseendran mayoornath

തൃശൂര്‍- ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അവണൂരിലെ ഗൃഹനാഥന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവ് ശശീന്ദ്രന്റെ കൊലപെടുത്തിയതാണെന്ന് ഇയാളുടെ മകന്‍ മയൂര്‍നാഥ് പൊലീസിനോട് സമ്മതിച്ചു. എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥിനെ്(25) പോലീസ് അറസ്റ്റ് ചെയ്തു. മയൂര്‍നാഥ്, ഓണ്‍ലൈനില്‍ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തംനിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.അച്ഛനോടും രണ്ടാനമ്മയോടുമുള്ള പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. 15 വര്‍ഷം മുന്‍പ് മയൂര്‍നാഥിന്റെ അമ്മ ആത്മഹത്യ ചെയ്തതാണ്. സ്വത്ത് ആവശ്യപ്പെട്ട് മയൂര്‍നാഥും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മയൂര്‍നാഥിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംസ്‌കാര കര്‍മങ്ങള്‍ നിര്‍വഹിച്ചത് മയൂര്‍നാഥായിരുന്നു. ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ മയൂര്‍നാഥ് തയ്യാറായിരുന്നില്ല. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി, വീടിന് മുകള്‍നിലയില്‍വെച്ച് മയൂര്‍നാഥ് തയ്യാറാക്കുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ മരുന്നുകളും മറ്റും തയ്യാറാക്കാന്‍ മയൂര്‍നാഥ് ഒരു ലാബ് സജ്ജമാക്കിയിരുന്നു. ഇവിടെവെച്ചാണ് വിഷം തയ്യാറാക്കിയത്. തുടര്‍ന്ന് ഇത് കടലക്കറിയില്‍ കലര്‍ത്തി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മ കമലാക്ഷി അമ്മ (95), ശശീന്ദ്രന്റെ രണ്ടാംഭാര്യ ഗീത(42), വീട്ടിലെത്തിയ തെങ്ങുകയറ്റുത്തൊഴിലാളികളായ ചന്ദ്രന്‍(47), ശ്രീരാമചന്ദ്രന്‍ (50)എന്നിവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സമീപം സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ കണ്ട ശശീന്ദ്രനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരിച്ചത്. ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ക്കും ഛര്‍ദിയുണ്ടെന്നറിഞ്ഞതോടെ പോലീസുംകൂടി ഇടപെട്ട് ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
ശശീന്ദ്രന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ സംസ്‌കാരത്തിന് വീട്ടില്‍ ഒരുക്കം തുടങ്ങിയിരുന്നു. ഇതിനിടെ ഗീതയ്ക്ക് ഛര്‍ദി തുടങ്ങിയതോടെ മൃതദേഹമെത്തിച്ച ആംബുലന്‍സില്‍ത്തന്നെ ഗീതയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവെച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ദേശം വന്നത്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാര്‍, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവര്‍ക്കും അസ്വസ്ഥത തുടങ്ങിയത്. എല്ലാവരും ചോര ഛര്‍ദിച്ചു. വിറയലും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തിരുന്നു. അതേസമയം മയൂര്‍നാഥ് ഭക്ഷണം കഴിച്ചിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഭക്ഷമം കഴിക്കാതിരുന്നത് എന്നായിരുന്നു മയൂര്‍നാഥ് പോലീസിനോടു പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക്, വിരലടയാളവിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തിരുന്നു.