LogoLoginKerala

വളർത്തു പന്നികൾ കൃഷി നശിപ്പിച്ചതിന്റെ പ്രതികാരം; ഒരു കുടുംബത്തിലെ സ്ത്രീകളടക്കം 3 പേരെ തല്ലിക്കൊന്നു

വടിയും കാർഷികോപകരണങ്ങളും ഉപയോഗിച്ച് അടിച്ചുകൊന്നു
 
fight

ജാർഖണ്ഡ് തലസ്ഥാനമായാ റാഞ്ചിയുടെ പ്രാന്തപ്രദേശത്തുള്ള ബന്ധുവിന്റെ കൃഷിയിടത്തിൽ വളർത്തു പന്നികൾ കൃഷി നശിപ്പിച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പത്തോളം പേർ വടിയും കാർഷികോപകരണങ്ങളും ഉപയോഗിച്ച് അടിച്ചുകൊന്നു. 

നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒർമഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റാഞ്ചി റൂറൽ പോലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ മാധ്യമങ്ങളോട് പറഞ്ഞു.ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവർക്കാണ് കൊല്ലപ്പെട്ടത്.

ഇവർ വളർത്തിയ പന്നികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ ബന്ധുവിന്റെ ഫാമിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും കാർഷികോപകരണങ്ങളുമായി 10 ഓളം പേർ മറ്റ് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നതായും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ പിടികൂടാൻ പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളും ഇരകളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രതികളെ തിരിച്ചറിഞ്ഞതിനാൽ, അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സമാൻ കൂട്ടിച്ചേർത്തു.