LogoLoginKerala

പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയില്‍

 
pulsar suni

ന്യൂഡല്‍ഹി- നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് വിചാരണ തടവുകാരന്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വര്‍ഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും എന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതിയായ ദിലീപ് താരപരിവേഷം ഉള്ള വ്യക്തിയാണ്. അതിനാല്‍ വിചാരണ പല കാരണങ്ങളാല്‍ നീണ്ടു പോകുകയാണെന്നും ഹര്‍ജിയില്‍ പള്‍സര്‍ സുനി ആരോപിച്ചിട്ടുണ്ട്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയില്‍ പള്‍സര്‍ സുനി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.  ശ്രീറാം പറക്കാട്ട്, സതീഷ് മോഹനന്‍, പ്രതീക്ഷ് കുറുപ്പ് എന്നിവരാണ് പള്‍സര്‍ സുനിക്കായി ഹര്‍ജി സമര്‍പ്പിച്ചത്.