LogoLoginKerala

പൃഥ്വിരാജിനെതിരെ വ്യാജവാര്‍ത്ത, വീണ്ടും പണി ഇരന്നുവാങ്ങി മറുനാടന്‍

 
prithwiraj
സിവിലും ക്രിമനലുമായ നിയമനടപടികള്‍ സ്വീകരിക്കും, മറുനാടനെതിരെ ഏതറ്റം വരെ പോകാനും ഒരുക്കമെന്ന് പൃഥ്വി

കൊച്ചി- വ്യാജവാര്‍ത്തകളിലൂടെ മാധ്യമ സമൂഹത്തിന് മാനക്കേടായി മാറിയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടലിനും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ പൃഥ്വിരാജും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 25 കോടി രൂപ പിഴയടച്ച താരം പൃഥ്വിരാജാണെന്ന് മറുനാടന്‍ വ്യാജവാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടന്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്. രാജ്യം ആദരിക്കുന്ന വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്കെതിരെ വ്യാജവാര്‍ത്ത നല്‍കി മാനനഷ്ടക്കേസ് ഇരന്നുവാങ്ങിയ ഷാജന്‍ സ്‌കറിയക്കും സംഘത്തിനും മറ്റൊരു കടുത്ത ആഘാതമാകുകയാണ് പൃഥ്വിരാജിന്റെ മാനനഷ്ടക്കേസ്. മറുനാടന്റെ വ്യാജവാര്‍ത്തക്കെതിരെ ഏതറ്റം വരെയും പോകുമെന്നാണ് പൃഥ്വിരാജിന്റെ പ്രഖ്യാപനം.

 

'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 ലക്ഷം രൂപ അടച്ചുവെന്നും പ്രൊപ്പഗാന്‍ഡ സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, മറുനാടന്‍ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപാര്‍ഹവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളെയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകള്‍ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇതിനു മേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.' എന്നാണ് പൃഥ്വിരാജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഇതിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-'വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.