ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ശുക്ലയുടെ വീട് ബുള്‍ഡോസര്‍ തകര്‍ത്തു

ഭോപ്പാല്‍- ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച കേസിലെ പ്രതിയായ പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. ബിജെപി സിദ്ധി എംഎല്‍എ കേഥാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് പ്രവേഷ് ശുക്ല. ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിലത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിള്‍ പ്രചരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ദേശീയ സുരക്ഷാ ആക്ട്, എസ് സി,എസ് ടി ആക്ട് എന്നിവയ്ക്കു പുറമേ മറ്റു വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട് ഇടിച്ചു നിരത്തുകയായിരുന്നു. എന്നാല്‍ സംഭവം മുമ്പ് നടന്നതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടി കുത്തിപ്പൊക്കിയതാണെന്ന് പ്രതിയുടെ വീട്ടുക്കാര്‍ ആരോപിച്ചു.