LogoLoginKerala

തന്നെ ശിക്ഷിക്കാനുള്ള തെളിവ് പോലീസിന്റെ പക്കലില്ലെന്ന് കെ സുധാകരന്‍

മോന്‍സണ്‍ മാവുങ്കലിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച് കെ പി സി സി പ്രസിഡണ്ട്

 
K SUDHAKARAN

കൊച്ചി-തന്നെ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്റെ കയ്യിലില്ലെന്നും കേസ് കോടതിയില്‍ നേരിടുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ക്രൈംബ്രാഞ്ചിന്റെ പക്കല്‍ തന്നെ ശിക്ഷിക്കാനുള്ള തെളിവില്ലെന്നാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ തനിക്ക് മനസ്സിലായതെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

തനിക്ക് കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. കോടതിയില്‍ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനനുസരിച്ച് എല്ലാം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സ് തയ്യാറായിട്ടുണ്ട്. എനിക്കെതിരേ ഒരു തെളിവും ഉണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അവര്‍ക്ക് കുറേ കാര്യങ്ങള്‍ അറിയേണ്ടതുണ്ടായിരുന്നു. ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞു. ആതൊന്നും പുറത്തു പറയാന്‍ താത്പര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഒരിക്കലും ഒളിവില്‍ പോകില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ മനക്കരുത്തുണ്ട്. ആശങ്കയോ ഭയപ്പാടോ ഇല്ല. മോന്‍സന് ശിക്ഷ ലഭിച്ചു കഴിഞ്ഞതിനാല്‍ അതില്‍ ഇനി ഒന്നും പറയാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും തനിക്ക് ഒന്നിനോടും ഭയമില്ലെന്നും രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെടുമ്പോള്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്ത് മൊഴി ഉണ്ടെങ്കിലും മനസ്സില്‍ ഒരു കുറ്റബോധവുമില്ലാത്തിടത്തോളം ഒന്നിനെയും ഭയപ്പെടുന്നില്ല. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെ, അവിടെ വച്ച് കാണാം. പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്. ഞാന്‍ എന്ത് ചെയ്തു, ചെയ്തില്ല എന്ന് എനിക്കല്ലേ അറിയൂ. എന്റെ മനഃസാക്ഷിക്കനുസരിച്ച് ഞാന്‍ പറയുന്നു. എന്റെ ഭാഗത്ത് നിന്ന് ഒരു പാളിച്ചയും പാകപ്പിഴയും വന്നിട്ടില്ല. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല. ജീവിതത്തില്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ല, പൊളിറ്റിക്കല്‍ എത്തിക്‌സ് ഉള്ളയാളാണ്. 'അവോയ്ഡ് ത്രീ ഡബ്ല്യു' എന്നതാണ് എന്റെ പോളിസി. ആ പ്രിന്‍സിപ്പലിനെ പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ട് എനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി മാത്രമേ ചെയ്തിട്ടുള്ളു. കോടതിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അറസ്റ്റില്‍ ആശങ്കയില്ല, അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ...കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്  സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.