LogoLoginKerala

വന്ദേഭാരതിന് നേരെ കല്ലേറ്, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

 
vande bharat express attack

തിരൂര്‍ - വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ പി എഫ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വെച്ചാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ ഇന്നലെ വൈകുന്നേരം അജ്ഞാതന്റെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി ഫോര്‍ കോച്ചിന്റെ സൈഡ് ചില്ലില്‍ വിള്ളല്‍ സംഭവിച്ചിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പോലീസ് അറിയിച്ചു.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കല്ലേറുണ്ടായി എന്നാണ് യാത്രക്കാര്‍ പറയുന്നത്. വിള്ളല്‍വീണ ജനല്‍ച്ചില്ലിന് സമീപം കുട്ടികള്‍ അടക്കം ഇരുന്നിരുന്നുവെന്നും ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടപ്പോഴാണ് ചില്ലില്‍ വിള്ളല്‍ കണ്ടതെന്നും എറണാകുളത്ത് ഇറങ്ങിയ ട്രെയിനിലെ യാത്രക്കാര്‍ പറഞ്ഞു.
ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത ആര്‍.പി.എഫ് ലോക്കല്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു.