പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു
കതൃക്കടവ് സ്വദേശി സേവ്യര്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കുമെന്ന് വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. സേവ്യറിന്റെ കൈയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു.
കുടുംബ യൂണിറ്റിലെ കണക്ക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എന്‍ ജെ ജോണി എന്ന ജോസഫ് ജോണിയുടെ പേരില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ഇത്തരമൊരു ഭീഷണിക്കത്ത് എഴുതാന്‍ ഇയാളെ പ്രേരിപ്പിച്ചത്. കതൃക്കടവില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്ന സേവ്യര്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുകയും താനല്ല കത്തെഴുതിയതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു കത്തെഴുതാനുള്ള വൈരാഗ്യം തനിക്ക് എന്‍ ജെ ജോണിയോട് ഇല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഔദ്യോഗിക വിലാസത്തിലാണ് ഭീഷണി കത്ത് ലഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച കത്ത് കെ. സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഒരാഴ്ച മുന്‍പ് ലഭിച്ച കത്തില്‍ ജോസഫ് ജോണിയുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ഈ വിലാസത്തില്‍ അന്വേഷിച്ചെത്തിയ പോലീസിനോട് ജോണി തന്റെ നിരപരാധിത്വം വെളിപ്പെടുത്തി. തന്നോട് വ്യക്തിവൈരാഗ്യമുള്ള സേവ്യറാണ് കത്തെഴുതിയതെന്നതിന് തെളിവായി സേവ്യറിന്റെ കൈപ്പടയിലുള്ള മറ്റൊരു കത്ത് തെളിവായി ജോണി പോലീസിന് നല്‍കുകയും ചെയ്തു. ഇത് പരിശോധിച്ചാണ് കത്തെഴുതിയത് സേവ്യറാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.