LogoLoginKerala

ചാനല്‍ പ്രവര്‍ത്തകയ്ക്ക് സഭ്യേതര സന്ദേശമയച്ച പി ഡി പി നേതാവ് കസ്റ്റഡിയില്‍

ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്ന് നിസാര്‍ മേത്തര്‍
 
 
NIZAR MATHER

കൊച്ചി- ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് സഭ്യേതര ഭാഷയില്‍ സന്ദേശമയച്ചെന്ന കേസില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് കടവന്ത്ര പൊലീസ് മുമ്പാകെ നിസാര്‍ മേത്തര്‍ അഭിഭാഷകനൊപ്പം ഹാജരാകുകയായിരുന്നു.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏര്‍പ്പെടുത്തിയ ആളാണ് കണ്ണൂര്‍ സ്വദേശി നിസാര്‍ മേത്തര്‍. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിസാര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയെന്നാണ് പരാതി. 'മര്യാദയ്ക്ക് കഞ്ഞിയും പയറും കഴിച്ച് കിടന്നുറങ്ങുന്ന യുവാക്കളെ പ്രലോഭിപ്പിക്കുകയാണ് അവളുടെ മെയിന്‍' എന്ന് രാത്രി 2.35ന് മാധ്യമ പ്രവര്‍ത്തകയുടെ ഒരു ഫോട്ടോ സഹിതം വാട്‌സാപ്പ് നമ്പറിലേക്ക് അയച്ച സന്ദേശത്തില്‍  പറയുന്നത്.  മാധ്യമ പ്രവര്‍ത്തക വിലക്കിയിട്ടും നിസാര്‍ പിന്മാറാതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ തനിക്ക് മനോവിഷമവും മാനഹാനിയുമുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്ത് സന്ദേശമയച്ചതാണെന്നും തനിക്ക് ഇതേക്കുറിച്ച് മനസ്സറിവില്ലെന്നുമാണ് നിസാര്‍ മേത്തറുടെ നിലപാട്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതിനെതിരെ എറണാകുളം സിറ്റി സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കിയതായും നിസാര്‍ അറിയിച്ചു. 

നിസാര്‍ മേത്തര്‍ പരാതിക്കാരിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിനെതിരെ നടപടി വേണമെന്ന് ട്വന്റിഫോര്‍ ചാനല്‍ ആവശ്യപ്പെട്ടു. നിസാര്‍ മേത്തര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ കാലതാമസം വരുത്തി. നിസാര്‍ മേത്തറുടെ ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയിട്ടും കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയില്ല. പിഡിപിയും പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ചാനല്‍ കുറ്റപ്പെടുത്തി.